കുട്ടികൾ ഉറങ്ങാൻ വൈകുന്നു; സ്കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന് മഹാരാഷ്ട്ര ഗവർണർ.

0
75

മുംബൈ: കുട്ടികൾ ഉറങ്ങാൻ വൈകുന്നതിനാൽ സ്കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന് മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്. കുട്ടികൾ രാത്രി വൈകിയും ഇന്റർനെറ്റിൽ സമയം ചെലവഴിക്കുന്നതിനാൽ ഉറങ്ങാൻ വൈകുന്നുവെന്നും എന്നാൽ അടുത്ത ദിവസം സ്‌കൂളിൽ പോകേണ്ടതിനാൽ നേരത്തെ എഴുന്നേൽക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ കുട്ടികളുടെ ഉറക്കത്തെ ബാധിക്കാത്ത തരത്തിൽ സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കണമെന്ന് മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർത്ഥിച്ചു.

സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സംരംഭങ്ങൾ രാജ്ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ദീപക് കേസർകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

എല്ലാവരുടെയും ഉറക്ക രീതിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. വിദ്യാർത്ഥികളും ഇക്കാര്യത്തിൽ വ്യത്യസ്തരല്ലെന്ന് ബൈസ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കാൻ വിദ്യാഭ്യാസ വകുപ്പിന് സഹായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപനം രസകരമായിരിക്കണമെന്നും പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതാകരുതെന്നും ഗവർണർ കൂട്ടിച്ചേർത്തു. സ്‌കൂൾ ബാഗുകൾക്ക് കുട്ടികളേക്കാൾ ഭാരമുള്ള ഇക്കാലത്ത് വിദ്യാർഥികൾക്ക് സ്‌കൂളിലേക്ക് പുസ്തകങ്ങൾ കൊണ്ടുപോകേണ്ടാത്ത സാഹചര്യം സ്‌കൂളുകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില സ്‌കൂളുകൾ പുസ്തകങ്ങൾ സ്‌കൂളുകളിൽ തന്നെ സൂക്ഷിക്കാൻ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികൾ കൂടുതൽ സമയം മൊബൈലിൽ ചെലവഴിക്കുന്നു എന്നത് ഒരു വസ്തുതയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. പുസ്തകങ്ങൾ, ഓഡിയോകളുടെയും വീഡിയോകളുടെയും രൂപത്തിൽ ഓൺലൈനിൽ അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘വായന പ്രസ്ഥാനം’ കാമ്പയിൻ നടത്തിയതിന് സംസ്ഥാനത്തെ അഭിനന്ദിച്ച ഗവർണർ, ലൈബ്രറികൾ പുനരുജ്ജീവിപ്പിക്കുകയും പുതിയ പുസ്തകങ്ങൾ ലൈബ്രറികളിൽ എത്തിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും ഊന്നിപ്പറഞ്ഞു. ‘എന്റെ വിദ്യാലയം, മനോഹര വിദ്യാലായം’, ‘കഥപറയുന്ന ശനിയാഴ്ച’, ‘എന്റെ സ്കൂൾ, എന്റെ വീട്ടുമുറ്റം’ എന്നിങ്ങനെ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സംരംഭങ്ങൾക്ക് ഗവർണറും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും സംയുക്തമായി തുടക്കം കുറിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും സ്‌കൂളുകളിൽ മത്സരാധിഷ്ഠിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പദ്ധതികൾ ആരംഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here