കൊച്ചി: ആരോഗ്യനില ഗുരുതരവാസ്ഥയിലായതിനെ തുടർന്ന് നടി മോളി കണ്ണമാലിയെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടില്‍ തലകറങ്ങി വീണ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ താരത്തെ ചികിത്സിച്ചത്. ആരോഗ്യ സ്ഥിതി ഭേദമായതിനെ തുടർന്ന് മോളി കണ്ണമാലിയെ പിന്നീട് വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം.
അതേസമയം, സാമ്പത്തികപരമായി ഏറെ ബുദ്ധിമുട്ടിയ സമയത്ത് താരസംഘടനയില്‍ നിന്നുണ്ടായ പ്രതികരണം ഏറെ ബുദ്ധിമുട്ടിച്ചെന്നാണ് മകന്‍ ജോളി പറയുന്നത്. സാർക്ക് ലൈവ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരത്തിന്റെ മകന്‍..
അമ്മയുടെ ആരോഗ്യാവസ്ഥ ശരിയായി വന്നുകൊണ്ടിരിക്കുകയാണ്. ഓക്സിന്‍ കൊടുത്തുകൊണ്ടാണ് വീട്ടിലും കഴിയുന്നത്. കുറച്ച് കാലത്തെ വിശ്രമം ആവശ്യമാണ്. അതിന് ശേഷം എന്തായാലും സിനിമയിലേക്ക് തിരിച്ച് വരും. ചികിത്സയുടെ സമയത്ത് സാമ്പത്തികപരമായി സഹായിച്ചവർ ഒരുപാടുണ്ട്. എന്നാല്‍ സിനിമ മേഖലയില്‍ നിന്നുള്ള ചിലരുടെ പ്രതികരണമാണ് ബുദ്ധിമുട്ടുണ്ടാക്കിയത്.
വിളിച്ച് കാര്യം പറുമ്പോള്‍ നമുക്ക് നോക്കാം എന്നുള്ള പ്രതികരണമെങ്കിലുമായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. സംഘടനയിലില്ലാത്തതുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലായെന്നായിരുന്നു. രണ്ട് നടന്മാരെ നേരിട്ട് വിളിച്ചെങ്കിലും പിന്നെ ചെയ്യാമെന്നും പറഞ്ഞ് ഒഴിഞ്ഞ് മാറി. വേറെ ഒരാളുടെ പ്രതികരണം കേട്ടപ്പോള്‍ ചിരിയാണ് വന്നത്. എന്തായാലും അയാളുടെ പേര് പറയുന്നില്ല.
ആദ്യം ഇയാള്‍ പറഞ്ഞു, ഞാന്‍ അമ്മ സംഘടനയെ വിളിച്ച് പറയാമെന്ന് പറഞ്ഞു. പിന്നീട് പറയുകയാണ് അതല്ലെങ്കില്‍ അടുത്ത റിയാലിറ്റി ഷോ വരുമ്പോള്‍ നോക്കാമെന്ന്. ഇവിടെ ആള്‍ ജീവിക്കുമോ മരിക്കുമോ എന്നുള്ള സാഹചര്യത്തില്‍ കിടക്കുമ്പോഴാണ് അടുത്ത റിയാലിറ്റി ഷോ വരുമ്പോള്‍ നോക്കാമെന്ന് പറഞ്ഞത്. എന്നാല്‍ അപ്പോഴും സാധാരണക്കാരായ ജനങ്ങള്‍ ഞങ്ങളെ കൈവിട്ടില്ല. അതിന് എപ്പോഴും നന്ദിയുണ്ടാവും.
താരസംഘടന വേറൊന്നും പറയണ്ട, നമുക്ക് നോക്കാമെന്നെങ്കിലും പറഞ്ഞെങ്കില്‍ സന്തോഷമായിരുന്നു. എന്നാല്‍ നമ്മളെ കരയിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. അവരെ വിജയിപ്പിക്കുന്നത് നമ്മള്‍ ജനങ്ങളാണ്. നമ്മള്‍ സിനിമ കണ്ടില്ലെങ്കില്‍ അവർ തീരും. ആരായാലും സിനിമയില്‍ അഭിനയിച്ചാല്‍ ജന പിന്തുണയുണ്ടെങ്കിലേ വിജയിക്കൂ.
ബിഗ് ബോസ് താരം ദിയ സന വീട്ടില്‍ വരികയും ഒരുപാട് സഹായിക്കുകയും ചെയ്തു. ഫിറോസ് കുന്നംപറമ്പില്‍ രണ്ടരലക്ഷം രൂപ തന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ അദ്ദേഹം അമ്മയുമായി കുറെ നേരം സംസാരിച്ചു. അതിനെയൊക്കെയാണ് മനുഷ്യത്വം എന്ന് പറയുന്നത്. അല്ലാതെ വിളിച്ച് കാര്യം പറയുമ്പോള്‍ തന്നെ ഫോണ്‍ കട്ട് ചെയ്യുകയല്ല വേണ്ടതെന്നും മോളി കണ്ണമാലിയുടെ മകന്‍ പറയുന്നു.