പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ രാജിവെച്ചു,

0
65

പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ രാജിവെച്ചു. തന്റെ കീഴിലുള്ള സർക്കാർ പിരിച്ച് വിട്ടതായും അദ്ദേഹം അറിയിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണമുള്ള പാലസ്തീൻ അതോറിറ്റി സർക്കാരിന്റെ തലവനാണ് ഇഷ്തയ്യ. പാലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണു മുഹമ്മദ് ഇഷ്തയ്യ രാജി സമർപ്പിച്ചത്.

ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കിൽ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണു നടപടി. ‘വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂർവ നടപടികളുടെയും ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണു സർക്കാർ രാജിവയ്ക്കാൻ തീരുമാനിച്ചത്’ മുഹമ്മദ് ഇഷ്തയ്യ അറിയിച്ചു.

ഗാസയിലെ ഇസ്രായേൽ ആക്രമണം അവസാനിച്ചാലുടൻ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്തരത്തില്‍ പുതിയ സർക്കാർ രൂപീകരിക്കുകയാണെങ്കില്‍ രാജിവയ്ക്കുമെന്ന് മുഹമ്മദ് ഇഷ്തയ്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ രാജിയെന്നും സംശയമുണ്ട്.

പലസ്തീന്‍ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയരക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് മുസ്തഫയെ പുതിയ സർക്കാർ രൂപീകരിക്കാൻ മഹ്മൂദ് അബ്ബാസ് ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ സർക്കാർ രൂപീകരണത്തിന് പലസ്തീനിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ആവശ്യമാണ്.

അക്കാദമിക് സാമ്പത്തിക വിദഗ്ധനായ മുഹമ്മദ് ഇഷ്തയ്യ 2019 ലായിരുന്നു അധികാരമേറ്റത്. 30 വർഷം മുമ്പ് ഇടക്കാല ഓസ്‌ലോ സമാധാന ഉടമ്പടി പ്രകാരം രൂപീകരിച്ച പാലസ്തീനിയൻ അതോറിറ്റി, അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ ചില ഭാഗങ്ങളിൽ പരിമിതമായ ഭരണം നടത്തുന്നുണ്ടെങ്കിലും 2007-ൽ ഹമാസുമായുള്ള മത്സരത്തെ തുടർന്ന ഗാസയിൽ അധികാരം നഷ്ടപ്പെട്ടു.

നിലവില്‍ ഗാസ പൂർണ്ണമായും ഹമാസിന്റെ കൈവശമാണ്. പാലസ്തീന്‍ അതോറിറ്റിയെ നിയന്ത്രിക്കുന്ന ഫത്താഹും ഹമാസും ഒരു ഏകീകൃത ഗവൺമെൻ്റുമായി ബന്ധപ്പെട്ട് ധാരണയിലെത്താനുള്ള ശ്രമങ്ങൾ നടത്തുന്നതായും സൂചനയുണ്ട്. ഇതിനായി ബുധനാഴ്ച മോസ്കോയിൽ കൂടിക്കാഴ്ച നടത്തും. പാലസ്തീനികൾക്കുള്ള ഭരണം സംബന്ധിച്ച വിശാലമായ ഉടമ്പടി ഈ നീക്കത്തിന് പിന്നാലെ വേണമെന്ന് ഹമാസിൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here