കുവൈത്ത്: കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അന്തരിച്ചു. . വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 91 വയസായിരുന്നു.
കുവൈത്ത് ടെലിവിഷനാണ് മരണവിവരം പുറത്തുവിട്ടത്. 40 വര്‍ഷം കുവൈത്തിന്റെ വിദേശകാര്യമന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി ചുമതലയേറ്റത്. കുവൈത്തിന്റെ പതിനഞ്ചാമത് ഭരണാധികാരിയായിരുന്നു.
മുബാറകിയ സ്കൂളില്‍നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം സര്‍ക്കാര്‍ നടപടികള്‍ നിയന്ത്രിക്കുന്നതിനായുള്ള സമിതിയില്‍ അംഗമെന്നനിലയില്‍ 1954ല്‍ പൊതുപ്രവര്‍ത്തനത്തിനു തുടക്കമിട്ടു. ഒരു വര്‍ഷത്തിനുശേഷം സാമൂഹിക-തൊഴില്‍ വകുപ്പ് ഡയറക്ടറായി.തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലത്ത് അദ്ദേഹം തുടക്കമിടുകയും ചെയ്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യമന്ത്രി പദവി വഹിച്ച വ്യക്തി എന്ന സ്ഥാനവും ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനാണ്. വിദേശകാര്യമന്ത്രി സ്ഥാനം ലോക രാജ്യങ്ങളിലെ നേതാക്കളുമായി ഷെയ്ഖ് സബാഹിനെ അടുപ്പിച്ചു. കുവൈത്തുമായി ബന്ധപ്പെട്ടു രാജ്യാന്തരതലത്തില്‍ അനവധി വേദികളില്‍ അദ്ദേഹം സജീവ സാന്നിധ്യവുമായി.
ലോകനേതാക്കളുമായി ഷെയ്ഖ് സബാഹിനുള്ള അടുത്ത ബന്ധമായിരുന്നു. 2003ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെയ്ഖ് സബാഹ് 2006ലാണ് അമീര്‍ പദവിയില്‍ എത്തിയത്. രാജ്യത്തെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ വിജയകരമായ നേതൃത്വം കൊടുത്തു എന്നതാണു ഷെയ്ഖ് സബാഹ് ഭരണകൂടത്തിന്റെ പ്രധാന നേട്ടം.