ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുവിന്റെ വീഡിയോ വൈറൽ. ഐസിയുവിനുള്ളിലാണ് പശു പ്രവേശിച്ചത്. പശു സ്വതന്ത്രമായി വിഹരിക്കുന്നതും ആശുപത്രി വളപ്പിലെ ചവറ്റുകുട്ടയിൽ നിന്ന് മാലിന്യം തിന്നുന്നതും വീഡിയോയിൽ കാണാമായിരുന്നു. സുരക്ഷാ ജീവനക്കാരുണ്ടായിട്ടും പശുവിനെ പുറത്താക്കാൻ ആരും തയ്യാറായില്ല. ആശുപത്രിയിൽ പശുവിനെ ഓടിക്കാനായി മാത്രം രണ്ട് പേരുണ്ടായിരുന്നെങ്കിലും സംഭവ സമയം ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സെക്യൂരിറ്റി ജീവനക്കാരനെയും മറ്റ് രണ്ട് ജീവനക്കാരെയും സസ്പെൻഡ് ചെയ്തു.
സംഭവത്തെ തുടർന്ന് വാർഡ് ബോയ്‌ക്കും സെക്യൂരിറ്റി ഗാർഡിനും എതിരെ നടപടിയെടുത്തെന്നും പഴയ കോവിഡ് ഐസിയു വാർഡിലാണ് പശു കടന്നതെന്നും ജില്ലാ ആശുപത്രിയിലെ സിവിൽ സർജൻ ഡോ രാജേന്ദ്ര കടാരിയയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ പൊതുജനാരോഗ്യ-കുടുംബക്ഷേമ മന്ത്രി പ്രഭുറാം ചദൂധരി സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ വീഡിയോ വൈറലായതോടെ കർശന നടപടിയെടുക്കാൻ അദ്ദേഹം നിർദേശിച്ചു.