പാകിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള്‍ ഹഖ് കാക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യം രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയിലാണ് അന്‍വര്‍ ഉളിനെ തിരഞ്ഞെടുത്തത്. പാകിസ്ഥാന്റെ എട്ടാമത്തെ ഇടക്കാല പ്രധാനമന്ത്രിയാണ് അന്‍വര്‍ ഉള്‍ ഹഖ്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും, ഉന്നത നേതാക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ പ്രസിഡന്റ് ആരിഫ് അൽവി കാക്കറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ള പുഷ്തൂൺ വംശജനായ കക്കറിനെ, ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം വഹിക്കാൻ ഇടക്കാല പ്രധാനമന്ത്രിയായി ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം കാക്കർ, മാർഗല്ല പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ പിഎം ഹൗസിലെത്തി. ഒരു മന്ത്രിസഭ രൂപീകരിക്കുക എന്നതാണ് കക്കറിന്റെ അടിയന്തിര ദൗത്യം.
വിദേശകാര്യ മന്ത്രിയായി മുൻ നയതന്ത്രജ്ഞനായ ജലീൽ അബ്ബാസ് ജിലാനിയെ നിയമിക്കുമെന്നാണ് സൂചന. ഇടക്കാല പ്രീമിയർ സ്ഥാനത്തേക്ക് മത്സരിച്ചവരിൽ അദ്ദേഹവും ഉണ്ടായിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുകയും ദുർബലമായ സമ്പദ്‌വ്യവസ്ഥയെ സമനിലയിൽ നിർത്തുകയും ചെയ്യുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് കാക്കർ ഇപ്പോൾ നേരിടുന്നത്.
അതിനിടെ, മുൻ പ്രധാനമന്ത്രി ഷരീഫിന് രാജ്യത്തിന്റെ മൂന്ന് സേനകളിൽ നിന്നുള്ള സൈനികർ യാത്രയയപ്പ് നൽകി. പ്രധാനമന്ത്രി ഷെരീഫും പിരിച്ചുവിട്ട ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് രാജാ റിയാസ് അഹമ്മദും തമ്മിൽ ശനിയാഴ്ച നടത്തിയ കൂടിയാലോചനയിലാണ് കക്കറിന്റെ പേര് അംഗീകരിച്ചത്.
ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി സെനറ്റിൽ നിന്നുള്ള രാജി സെനറ്റ് ചെയർമാൻ സാദിഖ് സഞ്ജറാണി തിങ്കളാഴ്ച സ്വീകരിച്ചു. ജിയോ ന്യൂസ് പറയുന്നതനുസരിച്ച്, നിഷ്പക്ഷമായ ഇടക്കാല പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതിനാലാണ് കക്കർ തന്റെ സ്ഥാനത്ത് നിന്ന് രാജിവച്ചത്. തിങ്കളാഴ്ച സെനറ്റ് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് കക്കറിന്റെ രാജി അറിയിച്ചത്.