ഇന്ന് നമ്മളിൽ മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് അമിതവണ്ണം. ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു. ഭാരം കൂടിയാൽ അത് പ്രമേഹത്തിന് കാരണമാകുമോ എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും.
” ശരീരഭാരം വർദ്ധിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു. അതിനാൽ, ശരീരഭാരം പ്രീ ഡയബറ്റിസിന് കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള അവസ്ഥയാണ്. ടൈപ്പ് 2 പ്രമേഹത്തിന്റെ ഒരു മുന്നോടിയാണിത്….” – ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എൻഡോക്രൈനോളജി വിഭാഗത്തിലെ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. സൊഹൈൽ ദുരാനി പറയുന്നു.
സാധാരണയായി 35 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് ടെെപ്പ് 2 പ്രമേഹം കൂടുതലും കാണപ്പെടുന്നത്. കഴുത്തിന് ചുറ്റും കറുപ്പ് നിറം ഉണ്ടാവുക, കാഴ്ച മങ്ങൽ, ഛർദ്ദി, വളരെ പെട്ടെന്ന് ഭാരം കുറയുക എന്നിവയാണ് ടെെപ്പ് 2 പ്രമേഹത്തിന്റെ ശ്രദ്ധിക്കാതെ പോകുന്ന ചില ലക്ഷണങ്ങളെന്ന് ഡോ. സൊഹൈൽ പറഞ്ഞു.
അമിതഭാരം ഉള്ളവർ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് നിങ്ങൾ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ആരോഗ്യകരമായ ശരീരഭാരം കൈവരിക്കുകയും വേണം. അമിതവണ്ണമുള്ളവർ ക്യത്യമായി വ്യായാമം ചെയ്യുകയും മധുരമുള്ള ഭക്ഷണങ്ങൾ കുറയ്ക്കുകയുമാണ് വേണ്ടതെന്ന് ഡോ. സൊഹൈൽ പറയുന്നു.