‘ഡീആക്ടിവേറ്റ് ചെയ്ത മൊബൈൽനമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ല; ട്രായ് സുപ്രീംകോടതിയിൽ

0
80

ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പർ ഡീആക്ടിവേറ്റ് ചെയ്യുകയോ, ഉപയോക്താവിന്റെ ആവശ്യാനുസരണം ബന്ധവിച്ഛേദം നടത്തുകയോ ചെയ്തതിനു ശേഷം 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോരിറ്റി (ട്രായ്) സുപ്രീംകോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ ഉപയോക്താവിന് തന്റെ സ്വകാര്യത ഉറപ്പാക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യാവുന്നതാണ്. 45 ദിവസം തുടർച്ചയായി നിഷ്ക്രിയമായി തുടരുന്ന വാട്സാപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യും. ഇതിനുശേഷം വീണ്ടും 45 ദിവസം പിന്നിട്ട ശേഷമേ നമ്പർ മറ്റൊരാൾക്ക് അനുവദിക്കുകയുള്ളൂ. ഉപയോഗിക്കാത്ത ഫോൺ നമ്പരുകൾ മറ്റൊരാൾക്ക് അനുവദിക്കുമ്പോൾ അതിലെ വാട്സാപ്പ് ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിൽ ട്രായിയുടെ വാദം കേൾക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭാട്ടി എന്നിവരാണ് കേസിൽ വാദം കേട്ടത്.

തമിഴ്നാട്ടിലെ ഒരു വക്കീലായ രാജേശ്വരി സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ തീരുമാനം. ഉപയോഗിക്കാത്ത നമ്പരുകൾ മറ്റുള്ളവര്‍ക്ക് കൈമാറുന്നത് തടയാൻ ട്രായിക്ക് നിർദ്ദേശം നൽകണമെന്നതായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. നിഷ്ക്രിയമായ ഒരു നമ്പർ 90 ദിവസത്തേക്ക് മറ്റൊരാൾക്ക് അനുവദിക്കുന്നില്ല എന്നതിനാൽ ഉപയോക്താവിന് തന്റെ സ്വകാര്യത സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ചെയ്യാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സ്വന്തം സ്വകാര്യത സംരക്ഷിക്കാൻ ഉപയോക്താവിന് ആവശ്യമായ സമയം ലഭിക്കുന്നുണ്ടെന്ന് ട്രായ് അഭിഭാഷകൻ സന്ദീപ് കപൂർ മുഖാന്തിരം സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കി.

വാട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു, നമ്പരുമായി ബന്ധിപ്പിച്ച ക്ലൗഡ് ഡാറ്റ നീക്കം ചെയ്തും ഉപയോക്താവിന് സ്വകാര്യതാ സംരക്ഷണം ഉറപ്പാക്കാവുന്നതാണ്.വാട്സാപ്പ് കമ്പനി തന്നെയും ഇക്കാര്യത്തിൽ ചില രീതികൾ പിന്തുടരുന്നുണ്ടെന്ന് സത്യവാങ്മൂലം പറഞ്ഞു. അക്കൗണ്ട് 45 ദിവസത്തോളം നിഷ്ക്രിയമായി തുടരുകയും അതിനു ശേഷം മറ്റൊരു ഫോണിൽ ആക്ടിവേറ്റ് ചെയ്യുകയും ചെയ്താൽ ആ അക്കൗണ്ടിലെ ഡാറ്റ നീക്കം ചെയ്യപ്പെടുമെന്ന് വാട്സാപ്പ് ഹെൽപ്പ് സെന്റർ പറയുന്നുണ്ടെന്നും കോടതിയെ ട്രായ് ബോധിപ്പിച്ചു. ഓരോ മാസവും മൊബൈൽ നമ്പർ റിവേക്കേഷൻ ലിസ്റ്റ് തങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഇത് കമ്പനികൾക്ക് ലഭ്യമാക്കുന്നുണ്ടെന്നും ട്രായ് കോടതിയെ ബോധിപ്പിച്ചു. സർവീസ് ഡെലിവറി പ്ലാറ്റ്ഫോമുകൾക്കും ഇവ ലഭ്യമാക്കുന്നുണ്ട്. ഇതുവഴി ഒടിപി പോലുള്ളവ മാറിച്ചെല്ലുന്നത് തടയാൻ കഴിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here