കേരളത്തിലാകമാനം വ്യാപകമായി ഉണ്ടാകുന്ന മുങ്ങിമരണങ്ങൾ തടയുന്നതിനായി വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്ന സ്വിം കേരള സ്വിം പദ്ധതിക്ക് തുടക്കമായി. എറണാകുളം ജില്ലയിലെ ചെറായി ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര കുളത്തിലാണ് കുട്ടികളെ നീന്തൽ പഠിപ്പിക്കുക. 100 കുട്ടികളുടങ്ങുന്നതാണ് ആദ്യ ബാച്ച്. പ്രശസ്ത കാർട്ടൂണിസ്റ്റും, മൈൽ സ്റ്റോൺ സ്വിമിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡൻ്റുമായ സുധീർനാഥ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
മുങ്ങി മരണം സംഭവിക്കുന്നത് വിധി മൂലമല്ലെന്നും അറിവില്ലായ്മ കൊണ്ടാണെന്ന് ഉദ്ഘാടനത്തിൽ അദ്ദേഹം പറഞ്ഞു. പുഴകളും തോടുകളും കായലും കൊണ്ട് സമൃതമായ കേരളത്തിൽ അപകടത്തിൽ പെടുന്നവർക്ക് ജീവൻ രക്ഷിക്കാൻ മാത്രമല്ല നല്ല ആരോഗ്യ പരിപാലനത്തിനും നീന്തൽ പഠിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. കൈലേഷ് സത്യാർത്ഥി ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ സി ജോർജ്ജ് മുഖ്യാതിഥിയായി പങ്കെടുത്ത് ഈ പരിശീലന പദ്ധതിക്ക് ആശംസകൾ അർപ്പിച്ചു. നീന്തലിലൂടെ ലഭ്യമാകുന്ന മാനസികവും, ശാരീരികവുമായ ഗുണങളെക്കുറിച്ച് കുട്ടികൾക്ക് അദ്ദേഹം ബോധവത്ക്കരണം നൽകി.
പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് അന്താരാട്ര സാഹസിക നീന്തൽ താരവും, ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യമലയാളിയുമായ എസ്പി മുരളിധരനാണ് നേതൃത്വം നൽകുന്നത്. ആദ്യ ഘട്ടത്തിൽ അഞ്ച് വയസ്സിനു മുകളിലുള്ള 100 കുട്ടികൾക്കാണ് ദിവസവും മൂന്ന് മണിക്കൂർ വീതം പരിശീലനം നല്കുന്നത്.
ചെറായി ബീച് സ്വിമ്മിങ്ങ് ക്ലബ്ബിൻ്റെ സഹായത്തോടെ നടക്കുന്ന പരിശീലന യജ്ഞത്തിന് ഡൽഹിയിലെ ലഷ്മീ നഗറിൽ പ്രവർത്തിക്കുന്ന യുവദീപ്തി ഹെൽപിൻ ഹാൻസ് എന്ന ചാരിറ്റബിൽ ട്രസ്റ്റ് കുട്ടികൾക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ വാങ്ങി നൽകും. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് മെമ്പർ നിഷാ അനിലിൻ്റെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മൈൽ സ്റ്റോൻ സ്വിമ്മിങ്ങ് സെക്രട്ടറി ഡോ. ആർ പൊന്നപ്പൻ, കമ്മിറ്റി അംഗങ്ങളായ ബാബു ജോസ്, ഡോ. പി സി ചന്ദ്രബോസ്, ജിജു ആൻ്റണി, അരുൺ, ചെറായി സ്വിമ്മിങ്ങ് ക്ലബ്ബ് പ്രധിനിതികളായ രാജീവ് റ്റി ടി, കെ ജി മുരളി തുടങ്ങിയവരും പങ്കെടുത്തു. ശുദ്ധമായ ജല സ്രോതസ്സുകളിലും, നീന്തൽ കുളം സ്ഥാപിച്ചും കേരളത്തിലാകമാനം സ്വിം കേരള സ്വിം എന്ന പദ്ധതിയിലൂടെ എല്ലാ കുട്ടികൾക്കും ജല സാക്ഷരത നൽകുകയാണ് ലക്ഷ്യമെന്ന് എസ് പി മുരളിധരൻ അഭിപ്രായപ്പെട്ടു.