വ്യാജപ്പതിപ്പുകളിലൂടെ തകരുന്ന സിനിമാ വ്യവസായത്തെ രക്ഷിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ. വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ തടയാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. പരാതി ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു.
നിയമലംഘനങ്ങൾക്ക് മൂന്നുമാസം മുതൽ മൂന്നു വർഷം വരെ തടവും മൂന്നുലക്ഷം വരെയോ ഓഡിറ്റ് ചെയ്ത മൊത്തം ഉത്‌പാദനച്ചെലവിന്റെ അഞ്ചുശതമാനം വരെയോ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമ പ്രകാരമാണ് നടപടി. വ്യാജപ്പതിപ്പുകൾ സിനിമാ വ്യവസായത്തിന് വർഷം 20,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.
ആഴ്ചകൾക്ക് മുൻപ്, തിയേറ്ററുകളിലുള്ള സിനിമയെ മോശമാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒമ്പത് പേർക്കെതിരെയാണ് കേസ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ യൂട്യൂബും ഫേസ്ബുക്കും പ്രതികളാണ്.
നേരത്തെ റിലീസിങ് ദിനത്തിൽ തിയറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന് സിനിമയുടെ സംവിധായകൻ മുബീൻ നൗഫല്‍ ആയിരുന്നു ഹര്‍ജി നല്‍കിയത്. ഇതേത്തുടര്‍ന്ന് സിനിമയുടെ റിലീസിന് ശേഷം ആദ്യ ഏഴ് ദിവസം റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞതായി പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.
റിലീസിങ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് കോടതി നിലപാടറിയിച്ചത്. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ട കോടതി പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എവിടെയായിരുന്നുവെന്നും ചോദിച്ചിരുന്നു. ഫോൺ കയ്യിലുള്ളവർക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്മെയിലിംഗ് നടത്തുന്ന വ്ലോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. റിവ്യൂ നിയന്ത്രിക്കാൻ പ്രത്യേക പ്രോട്ടോകോൾ ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചിരുന്നു.
സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെ റിവ്യൂ ബോംബിങ് എന്നാണ് പറയുന്നത്. കോടതി നിലപാടിൽ സിനിമാ പ്രേമികൾ സന്തോഷത്തിലാണ്. ഒട്ടേറെപ്പേരാണ് അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത് .