കുട്ടികളുടെ സംരക്ഷണം നിഷേധിക്കുന്നതിന് മാതാപിതാക്കളുടെ വിവാഹേതരബന്ധം ഏക കാരണമാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മാതാപിതാക്കളുടെ വിവാഹേതരബന്ധം കുട്ടികളുടെ ക്ഷേമത്തെ ബാധിക്കുന്നുണ്ടെങ്കില്‍ മാത്രമേ അവരുടെ സംരക്ഷണം നിഷേധിക്കുന്നതിനുള്ള കാരണമാകുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സുരേഷ് കുമാർ കെയ്ത്, നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
തങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ സംരക്ഷണം ഇരുവര്‍ക്കുമായി നല്‍കിയ കുടുംബകോടതിയുടെ ഉത്തരവിനെതിരേ ഭാര്യയും ഭര്‍ത്താവും സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മാതാപിതാക്കളുടെ വിവാഹേതരബന്ധം രക്ഷാകര്‍തൃത്വത്തിന് അയോഗ്യതയായി കണക്കാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. “മാതാപിതാക്കളില്‍ ആരുടെയെങ്കിലും വിവാഹേതരബന്ധം കുട്ടിയുടെ ക്ഷേമത്തിന് ഹാനികരമാണെന്ന് തെളിയിക്കപ്പെടാത്തിടത്തോളം കാലം, അത് കുട്ടിയുടെ സംരക്ഷണം നിഷേധിക്കുന്നതിനുള്ള ഏക കാരണമായി കണക്കാക്കില്ല,” ബെഞ്ചിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു.
ഭര്‍ത്താവ് കൃത്യമായി വീട്ടില്‍ വരാതെയും ഉത്തരവാദിത്വമില്ലാതെയും തന്നെയും കുട്ടികളെയും തനിച്ചാക്കി രണ്ട് വര്‍ഷത്തിലേറെയായി ആശ്രമങ്ങളിലും മറ്റു സ്ഥലങ്ങളിലേക്കും പോകുകയാണെന്ന് ഹര്‍ജിയില്‍ ഭാര്യ ആരോപിച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയതായും ഭര്‍ത്താവിന്റെ സഹോദരി കുട്ടികളെ തട്ടിക്കൊണ്ട് പോയതായും അവര്‍ പറഞ്ഞു. പെണ്‍മക്കളോട് സംസാരിക്കാന്‍ പോലും അനുവദിക്കാത്തത് കൊണ്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഭാര്യയുടെ ക്രൂരത നിറഞ്ഞ പെരുമാറ്റത്തിന്റെയും വിവാഹേതരബന്ധത്തിന്റെയും അടിസ്ഥാനത്തില്‍ നല്കിയ വിവാഹമോചന ഹര്‍ജിക്കും ക്രിമനല്‍ പരാതിക്കും എതിരായാണ് രക്ഷാകര്‍തൃഹര്‍ജി നല്‍കിയതെന്ന് ഭര്‍ത്താവ് പ്രതികരിച്ചു. ഭാര്യ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കിയില്ലെന്നും അവരുടെ സമയവും ഊര്‍ജവും വിവാഹേതരബന്ധത്തിനായാണ് നീക്കിവെച്ചതെന്നും ഭര്‍ത്താവ് ഹർജിയിൽ ആരോപിച്ചു. ഭാര്യയുടെ വിവാഹേതരബന്ധം മൂലമാണ് കുട്ടികളുടെ സംരക്ഷണം നിഷേധിക്കുന്നതെന്നും ഭർത്താവ് പറഞ്ഞു.
അതേസമയം, അമ്മയ്ക്ക് വിവാഹേതരബന്ധമുണ്ടെന്ന് കരുതി കുട്ടികളുടെ സംരക്ഷണം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഭാര്യക്ക് പ്രത്യേക താത്പര്യമുള്ള മൂന്നാമത്തെ വ്യക്തിയോടൊപ്പമാണ് അവര്‍ കൂടുതല്‍ സമയം ചെലവഴിച്ചതെന്ന് വ്യക്തമായതായി പറഞ്ഞ കോടതി, കുട്ടികളെ പരിപാലിക്കുന്നതിലും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതനും ഭാര്യ പരാജയപ്പെട്ടതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിരീക്ഷിച്ചു. അതേസമയം, കുട്ടികളുടെ സംയുക്ത സംരക്ഷണം അനുവദിച്ച കുടുംബകോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.