ഭുവനേശ്വർ : കൊവിഡ് 19നെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമത്തിലാണ് ഇന്ത്യൻ സംസ്ഥാനങ്ങൾ. ഇതിനിടെ ഒഡീഷയിലെ ഭുവനേശ്വർ, കട്ടക് നഗരങ്ങളിലെ പൊലീസുകാർക്ക് ഉന്നത ഉദ്യോഗസ്ഥർ വ്യത്യസ്ഥമായ ഒരു നിർദ്ദേശം നൽകിയിരിക്കുകയാണ്. കുടവയർ ഉള്ളവർ അത് കുറയ്ക്കാൻ ശ്രമിക്കണം. മാത്രവുമല്ല ശരീരഭാരവും കുറയ്ക്കണം. കൊവിഡിനൊപ്പം കാണപ്പെടുന്ന മറ്റ് രോഗാവസ്ഥകളിൽ നിന്നും രക്ഷനേടാൻ ശരീരം ആരോഗ്യത്തോടെ ഇരിക്കണമെന്നുള്ളത് അനിവാര്യമാണ്. ഇതിനാണ് പൊലീസുകാർക്ക് നിർദ്ദേശവുമായി മേലുദ്യോഗസ്ഥർ എത്തിയിരിക്കുന്നത്.
ഭുവനേശ്വർ – കട്ടക് പരിധിയിൽ വരുന്ന വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ളവർക്ക് കമ്മീഷണർ സുദൻസു സാരംഗി ഒരു നോട്ടീസ് നൽകി കഴിഞ്ഞു. ശരീരഭാരം കൂടിയവർ നവംബർ മാസത്തിനകം ഭാരംകുറച്ച് ഫിറ്റാകണമെന്നും അല്ലാത്തപക്ഷം ഭാരം കുറയ്ക്കുന്നതിൽ പരാജയപ്പെട്ട പൊലീസുകാർക്ക് നിർബന്ധിത വിരമിക്കൽ വരെ ലഭിച്ചേക്കുമെന്നുമാണ് കമ്മീഷണർ നൽകുന്ന മുന്നറിയിപ്പ്