ഭരണം ലഭിച്ചാൽ രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി.

0
76

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചാൽ രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൂടുതൽ ജാതിവിഭാഗങ്ങൾക്ക് സംവരണം ലഭിക്കുന്നതിന് തടസ്സമായ നിബന്ധനകൾ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 50 ശതമാനത്തിനകത്തായിരിക്കണം സംവരണം എന്ന നിബന്ധനയാണ് നീക്കം ചെയ്യുക.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി റാഞ്ചിയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.ബിഹാറിൽ നിതീഷ് സർക്കാർ നടപ്പിലാക്കിയ ജാതി സെൻസസിനു പിന്നാലെയാണ് കോൺഗ്രസ് ഈ നിലപാടിലേക്കെത്തിയത്. കർണാടകത്തിൽ കോൺഗ്രസ് സർക്കാർ വർഷങ്ങൾക്കു മുമ്പു തന്നെ ജാതി സെൻസസിനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും സർവ്വേ റിപ്പോർട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല.

റിപ്പോർട്ട് സ്വീകരിച്ച ശേഷം കാബിനറ്റിൽ ചർച്ച ചെയ്യുകയും നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കുകയുമാണ് നടപടി. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് റിപ്പോർട്ട് വൈകിപ്പിക്കുകയാണ് സർക്കാർ എന്ന ആരോപണമുണ്ട്.രാജ്യത്ത് ദളിത് വിഭാഗങ്ങൾക്ക് തൊഴിൽ പങ്കാളിത്തമില്ലെന്ന് രാഹുൽ ഗാന്ധി റാഞ്ചിയിൽ ചൂണ്ടിക്കാട്ടി.

വലിയ കമ്പനികളിലും ആശുപത്രികളിലും കോളേജുകളിലും കോടതികളിലുമൊന്നും ദളിതർക്ക് വേണ്ട പ്രാതിനിധ്യമില്ല. ഇത് ഇന്ത്യക്കു മുന്നിലുള്ള വലിയ ചോദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള പരിഹാരമെന്ന നിലയിൽ ആദ്യം ചെയ്യേണ്ട നടപടി ജാതി സെൻസസ് നടപ്പിലാക്കുകയാണെന്ന് രാഹുൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here