തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റിൽ കുടിശ്ശിക തീർക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎൻ ബാലഗോപാലിന് കൈ കൊടുക്കാനും ജിആർ അനിൽ വിസമ്മതിച്ചു. അതേസമയം, ബജറ്റിലെ അതൃപ്‌തി കെഎൻ ബാലഗോപാലിനെ അറിയിക്കാൻ ഒരുങ്ങുകയാണ് മന്ത്രി അനിൽ.
സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതിൽ നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി.ആർ.അനിൽ പരാതി പറഞ്ഞിരുന്നു. ബജറ്റിലും അവഗണിച്ചെന്നാണ് പരാതി. റവന്യൂ, ഭക്ഷ്യ, കൃഷി, മൃഗസംരക്ഷ വകുപ്പ് മന്ത്രിമാർക്കും ബജറ്റിനോട് എതിർപ്പുണ്ട്. വകുപ്പുകൾക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി.
അതേസമയം, പ്ലാൻ ബിയിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര അവഗണന തുടർന്നാലാണ് പ്ലാൻ ബിയെന്നും അങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെയെന്നും ബാലഗോപാൽ പറഞ്ഞു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് കൊണ്ടാണ് പദ്ധതി തുക കൂട്ടാത്തതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് പരിശോധിക്കുമെന്നും ഇക്കാര്യം വിശദമായി ചർച്ച ചെയ്യണമെന്നും കേരളത്തിന്റെ പണം പുറത്തേക്ക് ഒഴുകുന്നത് നോക്കിയിരിക്കില്ലെന്നും ധനമന്ത്രി വിശദമാക്കി.