കൊച്ചി: കൊച്ചിയിൽ കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി തുടങ്ങി. എറണാകുളത്ത് പനമ്പള്ളി നഗറിലും എംജി റോഡിലും റോഡില്‍ വെള്ളം നിറഞ്ഞു. ഇടക്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിലും വെള്ളം കയറി. തോപ്പുംപടി, സൗത്ത് കടവന്ത്ര, തൃപ്പൂണിത്തുറ, പേട്ട എന്നിവിടങ്ങളും കനത്ത മഴയാണ് തുടരുന്നത്.
ഉദയാ കോളനി, കമ്മട്ടിപ്പാടം, പി ആന്റ് റ്റി കോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ഇന്നലെ രാത്രി മുതൽ നഗര ഭാഗത്തും ഗ്രാമീണ പ്രദേശങ്ങളിലും മഴ തുടങ്ങിയിരുന്നു. റോഡുകളിൽ വെള്ളം കയറി ഇന്ന് രാവിലെ മുതൽ ഗതാഗതത്തിന് തടസം നേരിട്ടുകൊണ്ടിരിക്കുകയാണ്. ജില്ലയില്‍ നിലവിൽ ഓറഞ്ച് അലേർട്ടാണ്.