ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് 10 ലക്ഷം തൊഴിലവസരങ്ങൾ കൈമാറുമെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമാണ് നിയമന കത്തുകൾ വിതരണം ചെയ്തത്. റോസ്ഗർ മേള 2023 നെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കത്തുകളുടെ വിതരണം പ്രഖ്യാപിച്ചത്. വികസിത ഇന്ത്യ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ യുവാക്കളുടെ കഴിവിനും ഊർജ്ജത്തിനും ശരിയായ അവസരങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിയമന കത്തുകൾ വിതരണം ചെയ്ത ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
“ഇന്ന് 70,000 യുവാക്കൾക്ക് തൊഴിൽ ലഭിച്ചു. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി ഞങ്ങളുടെ സർക്കാർ നിരന്തരം പരിശ്രമിക്കുന്നു. സർക്കാർ ജോലികൾ നൽകുന്ന പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും കൊവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ പൊരുതുമ്പോൾ ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ളരുന്ന സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. ലോകം സാമ്പത്തിക മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുന്നു. എന്നാൽ ലോകം ഇന്ത്യയെ കാണുന്നത് ഒരു ശോഭനമായ സ്ഥലമായാണ്.”- പ്രധാനമന്ത്രി പറഞ്ഞു.
“രാജ്യത്തെ യുവാക്കൾ പുതിയ കാലത്തെ സാങ്കേതികവിദ്യകളിൽ ഏർപ്പെടുകയും ഡ്രോൺ നിർമ്മാണത്തിലും ഡ്രോൺ പൈലറ്റുമാരാകുകയും ചെയ്യുന്നു. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിലെ മൂലധന നിക്ഷേപം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും യുവശക്തിക്ക് വൈവിധ്യമാർന്ന അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.2014 വരെ ഇന്ത്യയിൽ 74 വിമാനത്താവളങ്ങളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 148 വിമാനത്താവളങ്ങളാണുള്ളത്. വിമാനത്താവളങ്ങളുടെ എണ്ണം കൂടിയതോടെ പുതിയ തൊഴിലവസരങ്ങളും തുറന്നു.”- അദ്ദേഹം കൂട്ടിച്ചേർത്തു.