റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കവടിയാർ രാജകുടുംബത്തിലെ അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായിക്ക് പത്മശ്രീ ലഭിച്ച വാർത്ത ഏറെ ശ്രദ്ധേയാ കർഷിച്ചിരുന്നു. കവടിയാർ കൊട്ടാരത്തിലേക്ക് പത്മശ്രീ പുരസ്കാരം എത്തി ഒരാഴ്ചയ്ക്കുള്ളിൽ വളരെ പ്രാധാന്യമുള്ള അടുത്ത ബഹുമതിയും കൊട്ടാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ ബഹുമതിയാണ് ഇത്തവണ എത്തിയിരിക്കുന്നത്.
പൂയം തിരുനാൾ ഗൗരി പാർവതീ ബായിയെയാണ് പുരസ്കര നേട്ടം തേടിയെത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഗൗരി പാർവതീ ബായിയെ ഷെവലിയർ നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൺ ഓഫ് ഓണർ ആയി നിയമിച്ചിരിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിയിപ്പായി ലഭിച്ചത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഡോ.
തിയറീ മാത്തൗ ആണ് കത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുകൂട്ടർക്കും സൗകര്യപ്രദമായ ദിവസം സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തീയതിയും മറ്റും തീരുമാനിക്കാൻ അംബാസഡറുടെ സോഷ്യൽ സെക്രട്ടറി നാരായണീ ഹരിഗോവിന്ദനെ ചുമതലപ്പെടുത്തിയതായും കവടിയാർ കൊട്ടാരം അറിയിച്ചു. ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ആണ് 1802ൽ ഷെവലിയാർ പുരസ്കാരം സ്ഥാപിച്ചത്.
ഫ്രാൻസിന് അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്. ഈ പുരസ്കാരം നൽകുന്നത് രാജ്യാന്തര ഭേദമില്ലാതെയാണ്. നിലവിൽ ഗൗരി പാർവതീ ബായിക്ക് പുരസ്കാരം ലഭിച്ചത് ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് വനിതാ ക്ഷേമത്തിനും, ഇൻഡോ – ഫ്രഞ്ച് സൗഹൃദത്തിനും നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്താണ്. ഫ്രഞ്ച് ഭാഷാ അദ്ധ്യാപിക എന്ന നിലയിലും മികച്ച പ്രവർത്തനം അവർ കാഴ്ചവച്ചതായി അംബാസഡർ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തെ അലയൻസ് ഫ്രാൻസ്വയുടെ ഊർജ്ജസ്വലയായ പ്രവർത്തക എന്ന നിലയിലും ഗൗരി പാർവതീ ബായി പുരസ്കാരത്തിന് അർഹയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഫ്രാൻസിന്റെ ആയുഷ്കാല സുഹൃത്തും ഇൻഡോ – ഫ്രഞ്ച് സഹകരണത്തിലെ പങ്കാളിയുമാണ് ഗൗരി പാർവതീ ബായി എന്ന് അംബാസഡറുടെ കത്തിൽ പറയുന്നു.