കോഴിക്കോട്: ഇന്ത്യൻ സർക്കാർ പത്മശ്രീ നൽകി ആദരിക്കേണ്ട വ്യക്തിയല്ല താനെന്നും പത്മശ്രീ പുരസ്കാരം തനിക്ക് അർഹിക്കുന്നില്ലെന്നും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എംഎൻ കാരശ്ശേരി. വൈക്കം മുഹമ്മദ് ബീഷിനും എംടിക്കും ലീലാവതിക്കുമൊക്കെ ലഭിച്ച പുരസ്കാരമാണ് പത്മശ്രീ. അവരെപ്പോലെ കേരള സംസ്കാരത്തിനും ഇന്ത്യൻ ചരിത്രത്തിനും സംഭാവന നൽകിയിട്ടുള്ള വ്യക്തിയല്ല താനെന്നാണ് വ്യക്തിപരമായ അഭിപ്രായം. പ്രതിപക്ഷ നേതാവ് വി ഡി സതീശന് തന്നെപ്പറ്റി നല്ല അഭിപ്രായമുള്ളതെന്നറിഞ്ഞതിൽ സന്തോഷവും നന്ദിയുമുണ്ടെന്നും കാരശ്ശേരി പറഞ്ഞു.
പത്മ പുരസ്കാര വിതരണങ്ങളെക്കുറിച്ച് വി ഡി സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുരസ്കാരത്തെക്കുറിച്ച് ആലോചിച്ച് ഊർജമോ സമയമോ പാഴാക്കരുത്. അഞ്ച് തവണ നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടും മഹാത്മാ ഗാന്ധിക്ക് ലഭിച്ചില്ല. രാജ്യത്തെ പ്രധാന പുരസ്കാരങ്ങളൊന്നും എഴുത്തുകാരൻ ബഷീറിന് ലഭിച്ചില്ല. അതിലൊന്നും വലിയ കാര്യമില്ല. വലിയ ആളുകളുടെ പേരിനൊപ്പം തന്റെ പേര് പരാമർശിച്ചതല്ല. ഇത്തരമൊരു ചർച്ച തന്നെ അനാവശ്യമാണെന്ന് കരുതുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
പത്മ പുരസ്കാരത്തിൽ നിന്ന് അർഹരെ തഴഞ്ഞുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിക്കും ശ്രീകുമാരൻ തമ്പിക്കും പത്മ പുരസ്കാരം ഇല്ലാതെ പോയത് എന്ത് കൊണ്ടെന്നും വി.ഡി. സതീശൻ സമൂഹമാധ്യമത്തിൽ കുറിച്ചു. പുരസ്കാരം നൽകുന്നതിന് മാനദണ്ഡം എന്താണ്. 1998ൽ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാൽനൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ. പുരസ്കാരം നൽകുന്നതിന് മാനദണ്ഡം എന്തെന്ന് സതീശൻ ചോദിക്കുന്നു.
ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങളെന്നും പ്രതിപക്ഷ നേതാവ് കുറിച്ചു.