ജയ്പുര്‍: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ്. ഒമ്പത് വിക്കറ്റിനായിരുന്നു ഹർദിക് പാണ്ഡ്യയുടെയും സംഘത്തിന്‍റെയും വിജയം. സ്പിൻ ബോളിങ് കരുത്തിൽ രാജസ്ഥാനെ 118 റൺസിന് പുറത്താക്കുകയായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. മറുപടി ബാറ്റിങ്ങിൽ 13.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് വിജയതീരമണഞ്ഞു.സ്വന്തം മൈതാനത്ത് കാര്യങ്ങളൊന്നും രാജസ്ഥാന്‍റെ വരുതിയിലായിരുന്നു. കാണികൾ നൽകിയ പിന്തുണ മൈതാനത്ത് മികവാക്കി മാറ്റുന്നതിൽ രാജസ്ഥാൻ താരങ്ങൾ പരാജയപ്പെട്ടു. മറുവശത്ത് ബാറ്റിങ്ങിലും ബോളിങ്ങിലും തൊട്ടതെല്ലാം പൊന്നാക്കി മാറ്റാൻ ഗുജറാത്തിന് കഴിഞ്ഞു.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് അവരുടെ ഓപ്പണർമാർ വലിയ സ്കോർ കണ്ടെത്താനാകാതെ പുറത്തായത് തിരിച്ചടിയായി. ജോസ് ബട്ട്ലർ എട്ട് റൺസെടുത്തും യശസ്വി ജയ്സ്വാൾ 14 റൺസെടുത്തും പുറത്തായി. ലയാളി താരം സഞ്ജു സാംസൺ മാത്രമാണ് രാജസ്ഥാൻ നിരയിൽ കാര്യമായ പ്രകടനം പുറത്തെടുത്തത്. സഞ്ജു 30 റൺസെടുത്ത് പുറത്തായി. 20 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും അടക്കമാണ് സഞ്ജു 30 റണ്‍സ് നേടിയത്.
സഞ്ജുവിനെ കൂടാതെ ദേവ്ദത്ത് പടിക്കല്‍ (12), ട്രെന്‍റ് ബോള്‍ട്ട് (15) എന്നിവർക്കുമാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്.റാഷിദ് ഖാന്റെയും (14ന് മൂന്ന് വിക്കറ്റ്) നൂര്‍ അഹമ്മദിന്റെയും (25ന് രണ്ട്) തകർപ്പൻ പ്രകടനങ്ങളാണ് രാജസ്ഥാൻ റോയൽസിനെ തകർച്ചയിലേക്ക് നയിച്ചത്.റുപടി ബാറ്റിങ്ങിൽ ഗുജറാത്ത് 13.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വൃഥിമാന്‍ സാഹ (41 നോട്ടൗട്ട്), ഹാര്‍ദിക് പാണ്ഡ്യ (39 നോട്ടൗട്ട്), ഗുഭ്മാന്‍ ഗില്‍ (36) എന്നിവര്‍ ഗുജറാത്തിനായി തിളങ്ങി.