പ്രായമാകുന്തോറും നമ്മുടെ ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. കൊളാജന്‍ ഉല്‍പാദനത്തിലെ കുറവ്, ഹോര്‍മോണുകളിലെ മാറ്റങ്ങള്‍ എന്നിങ്ങനെ പലതും ഇതിന് കാരണമാകാം. ഇതുകൂടാതെ, സൂര്യപ്രകാശം, മലിനീകരണം, കാലാവസ്ഥ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും ചര്‍മ്മത്തിലെ മാറ്റങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രായത്തിന്റെ പ്രഭാവം ചര്‍മ്മത്തില്‍ ദൃശ്യമാകാതെ ചെറുപ്പമായി തുടരാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനായുളള ചില ചര്‍മ്മസംരക്ഷണ ദിനചര്യകള്‍ പരിചയപ്പെടാം.
മുഖം വൃത്തിയായി കഴുകുക– ഏത് ചര്‍മ്മ സംരക്ഷണ ദിനചര്യയുടെയും ആദ്യപടിയാണ് മുഖം വൃത്തിയായി കഴുകുക എന്നത്. ഇതിനായി നല്ല ഒരു ക്ലെന്‍സര്‍ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ക്ലെന്‍സര്‍ തിരഞ്ഞെടുക്കുമ്പോള്‍, അതില്‍ ഹൈലൂറോണിക് ആസിഡും ഗ്ലിസറിനും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. അത് നിങ്ങളുടെ ചര്‍മ്മം മൃദുവാക്കുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും.
ആന്റി-ഏജിംഗ് ഉല്‍പ്പന്നങ്ങള്‍– 40 വയസൊക്കെ ആകുമ്പോള്‍ ചര്‍മ്മത്തില്‍ നേര്‍ത്ത വരകളും ചുളിവുകളുമൊക്കെയുണ്ടാകാന്‍ തുടങ്ങും. ഇതൊഴിവാക്കാന്‍ ചര്‍മ്മ സംരക്ഷണ ദിനചര്യയില്‍ ആന്റി-ഏജിംഗ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ആന്റി-ഏജിംഗ് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, അതില്‍ റെറ്റിനോള്‍, വിറ്റാമിന്‍ സി ,പെപ്‌റ്റൈഡുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ ഉണ്ടെന്ന് ഉറപ്പാക്കുക. ഇവയെല്ലാം ചര്‍മ്മം ചെറുപ്പമായി നിലനിര്‍ത്താന്‍ സഹായിക്കും.
സണ്‍സ്‌ക്രീന്‍ ഉപയോഗം -സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍, അത് എസ്പിഎഫ് 30 അല്ലെങ്കില്‍ അതില്‍ കൂടുതലായിരിക്കണമെന്ന് ശ്രദ്ധിക്കുക .വീടിന് പുറത്ത് പോകുമ്പോള്‍ തീര്‍ച്ചയായും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.
സ്‌കിന്‍ ഹൈഡ്രേറ്റ് ചെയ്യുക- പ്രായമാകുന്തോറും ചര്‍മ്മം കനം കുറഞ്ഞതായിത്തീരുകയും ഈര്‍പ്പം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലെ വരള്‍ച്ചയ്ക്കും നിറെ മങ്ങലിനും ഇടയാക്കിയേക്കാം. ഇതിനെ ചെറുക്കുന്നതിന് നിങ്ങളുടെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.ഇതിനായി ധാരാളം വെള്ളം കുടിക്കണം. കറ്റാര്‍ വാഴ, ഗ്ലിസറിന്‍ എന്നിവ അടങ്ങിയ സെറം അല്ലെങ്കില്‍ മോയ്‌സ്ചറൈസര്‍ എന്നിവയും ചര്‍മ്മ സംരക്ഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുക.
കണ്ണുകളെ ശ്രദ്ധിക്കുക- കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം വളരെ മൃദുവാണ്. അതിനാല്‍ തന്നെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ണുകള്‍ക്ക് ചുറ്റും നേര്‍ത്ത വരകളും ചുളിവുകളുമാി പ്രത്യക്ഷപ്പെടുന്നു. അതിനാല്‍ കണ്ണുകള്‍ക്ക് താഴെയായി ജലാംശം നല്‍കുന്ന ഐ ക്രീമോ സെറമോ പുരട്ടുന്നാവുന്നതാണ്,
ആവശ്യത്തിന് ഉറങ്ങുക- ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മത്തിന് വേണ്ടത്ര ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് കണ്ണിനും ചുറ്റും കറുപ്പ്, വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകും. ദിവസവും 7-9 മണിക്കൂര്‍ ഉറങ്ങുന്നതിലൂടെ ചര്‍മ്മം ആരോഗ്യകരമായിരിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം – ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനുകളും കഴിക്കുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുരമുള്ള പാനീയങ്ങള്‍, അമിതമായ ഉപ്പ് , മദ്യപാനം എന്നിവ ഒഴിവാക്കുക.