ഇന്ത്യൻ ഭരണഘഠനയുടെ ശിൽപിയായ ബി.ആർ അംബേദ്കറുടെ ഏറ്റവും വലിയ പ്രതിമ ഇന്ന് ഹൈദരാബാദിൽ അനാച്ഛാദനം ചെയ്യും. അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമയാണിത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രതിമ അനാച്ഛാദനം ചെയ്യും. അദ്ദേഹത്തിനെ 132-ാം ജന്മവാർഷിക ദിനമാണിന്ന്.
അംബേദ്കറുടെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഹൈദരാബാദിലെ പ്രതിമ. 119 നിയോജക മണ്ഡലങ്ങളിൽ നിന്നായി 35,000-ത്തിലധികം ആളുകൾ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കും. 750 സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ പൊതുജനങ്ങൾക്കായി സർവീസ് നടത്തും.
ഹൈദരാബാദിലെ പ്രശസ്തമായ ഹുസൈൻ സാഗർ തടാകത്തിന്റെ തീരത്ത് സംസ്ഥാന സെക്രട്ടേറിയറ്റിനോട് ചേർന്നാണ് പ്രതിമ നിലകൊള്ളുന്നത്. പ്രതിമയുടെ ഉദ്ഘാടനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കെസിആർ തന്റെ മന്ത്രിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും അടുത്തിടെ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിമയിൽ ഹെലികോപ്റ്ററിൽ നിന്ന് പുഷ്പദളങ്ങൾ വർഷിക്കാൻ തീരുമാനിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കറെ ക്ഷണിക്കും.