അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി; തീരുമാനത്തിൽ നിന്ന് പിൻമാറി സർക്കാർ

0
47

തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദ്ദേശത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. നികുതി ഈടാക്കാൻ നിലവിൽ ഉദ്ദേശമില്ലെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചു . തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടത്. പൊതുവിൽ കാര്യങ്ങൾ പരിശോധിക്കാൻ മുന്നോട്ട് വെച്ച നിർദ്ദേശം മാത്രമാണതെന്നും മന്ത്രി വിശദീകരിച്ചു. ഒഴിഞ്ഞ് കിടക്കുന്ന വീടുകൾക്ക് നികുതി അടക്കണമെന്ന ബജറ്റ് നിർദ്ദേശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് 1,000 കോടി അധികമായി ഇതിലൂടെ ലഭിക്കുമെന്നായിരുന്നു സർക്കാർ കണക്ക് കൂട്ടൽ. എന്നാൽ പ്രവാസികൾ അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

അതിനിടെ നികുതി ചോർച്ച തടയുന്നതിൽ സംസ്ഥാന സർക്കാർ പരാചയപ്പെട്ടെന്നും ആ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ നോട്ടീസ് സ്പീക്കർ അംഗീകരിച്ചില്ല. വിഷയം ചർച്ച ചെയ്തതാണെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഐ.ജി.എസ്.ടി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here