തമിഴ് ചിത്രം ‘അന്നപൂരണി’യിൽ ശ്രീരാമനെ അപഹസിക്കുന്ന പരാമർശമുണ്ടെന്ന വിവാദത്തിൽ സിനിമയിലെ നായിക നയൻതാര മാപ്പ് പറഞ്ഞു. ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടിൽ നൽകിയ പോസ്റ്റിലൂടെയാണ് നയൻതാര ഖേദം പ്രകടിപ്പിച്ചത്.
വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര പറഞ്ഞു. അന്നപൂരണി എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് താൻ ഈ പ്രസ്താവന നടത്തുന്നതെന്ന് നയൻതാര പറഞ്ഞു.
ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയതെന്നും നയൻതാര പറയുന്നു
നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് ചിത്രത്തിനെതിരെ ഉയർന്ന പരാതി.
സംഭവം വിവാദമായതോടെ നെറ്റ്ഫ്ലിക്സ് ചിത്രം പിൻവലിച്ചിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നയൻതാര ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.