കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രോസിക്യൂഷന് വിചാരണ കോടതിയുടെ രൂക്ഷവിമർശനം. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവായി രേഖകളുണ്ടെങ്കിൽ അവ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്ത ബോധത്തോടെയാണ് കസേരയിൽ ഇരിക്കുന്നതെന്നും കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും വിചാരണ കോടതി ജഡ്ജി പ്രോസിക്യൂഷന് മുന്നറിയിപ്പ് നൽകി.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളുണ്ടോയെന്ന് കോടതി ചോദിച്ചു. നിഗമനങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ പറയരുത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷന് ഇത്ര അസഹിഷ്ണുത എന്തിനാണെന്നും കോടതി ചോദിച്ചു.
സാധ്യതകളെക്കുറിച്ചല്ല, തെളിവുകളെക്കുറിച്ചാണ് പ്രോസിക്യൂഷൻ പറയേണ്ടത്. കേസിൽ മുമ്പ് പരിശോധിച്ച ആരോപണങ്ങൾക്കപ്പുറം നിലവിൽ ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ എന്താണെന്നും കോടതി ചോദിച്ചു.
കോടതി രേഖകൾ ചോർന്നുവെന്ന ആരോപണത്തിലും കോടതി പ്രോസിക്യൂഷനെ വിമർശിച്ചു. അഭിഭാഷകർ പോലീസ് പ്രോസിക്യൂട്ടറല്ല പബ്ലിക് പ്രോസിക്യൂട്ടറാണ് എന്ന കാര്യം മറക്കരുത്. കോടതിയെ പുക മറയിൽ നിർത്താൻ ശ്രമിക്കരുതെന്നും ഉത്തമ ബോധ്യത്തോടെയാണ് കസേരയിൽ ഇരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
പ്രോസിക്യൂട്ടറോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഏതെങ്കിലും തരത്തിലുള്ള തെളിവുകളുണ്ടെങ്കിൽ ആ തെളിവുകൾ നൽകുകയാണ് വേണ്ടത്. അല്ലാതെ കോടതി ഹർജി പിടിച്ചുവയ്ക്കുന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ സംഘം വീണ്ടെടുത്ത ശബ്ദ റെക്കോഡുകൾ ഉൾപ്പെടെ എങ്ങനെ പുറത്തുപോയെന്ന് ആരാഞ്ഞ കോടതി ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.അതേസമയം തെളിവുകളൊന്നും തങ്ങൾ പുറത്തുകൊടുത്തിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും പ്രോസിക്യൂഷൻ മറുപടി നൽകി.