രക്ഷാപ്രവർത്തനം വിഫലം; കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനായില്ല, മൃതദേഹം പുറത്തെടുത്തു

0
239

കൊല്ലം: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം. കൊല്ലം തഴുത്തലയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളി മുട്ടക്കാവ് സ്വദേശി സുധീറിനെ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ മൃതദേഹം പുറത്തെടുത്തു. ബുധനാഴ്ച, കിണറ്റിൽ റിങ് ഇറക്കുന്നതിനിടെയാണ് സുധീർ കിണറ്റിൽ കുടുങ്ങിയത്. ഇദ്ദേഹത്തെ രക്ഷിക്കാനായി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനമാണ് നടത്തിയത്.

ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. കിണറിൽ റിങ് ഇറക്കാനെത്തിയതായിരുന്നു സുധീർ അടക്കമുള്ള തൊഴിലാളികൾ. റിങ് ഇറക്കുന്നതിനിടെ അപകടസാധ്യത മുന്നിൽക്കണ്ട് കിണറിനുള്ളിൽനിന്ന് ധൃതിയിൽ മുകളിലേക്ക് കയറിവരുന്നതിനിടെയാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. കരയിൽ നിന്ന കൂട്ടുകാർ നോക്കുമ്പോഴേക്കും കിണർ ഉള്ളിൽനിന്ന് ഇടിഞ്ഞുതാണിരുന്നു. നിമിഷങ്ങൾകൊണ്ട് മണ്ണ് താഴേക്ക് ഇടിഞ്ഞ് വീണു.

രാത്രിയിൽ കനത്ത മഴയായിരുന്നതുകൊണ്ട് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു. ആദ്യം വലിയ ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് സുധീറിനെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു പോലീസും ഫയർഫോഴ്സും നടത്തിയത്. ആദ്യം എത്തിച്ച വലിയ ജെ.സി.ബി. കുഴിയിലേക്ക് ഇറക്കാൻ സാധിക്കാത്തതിനാൽ പിന്നീട് ചെറിയ ജെ.സി.ബി. എത്തിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികൾ മുമ്പും കരാർ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികൾ ഈ കിണറ്റിൽ നേരത്തേതന്നെയുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി 35 അടിയോളം മണ്ണ് നീക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here