പ്രസ്താവനകളുടെ പേരിൽ എന്നും വാർത്തകളിലിടംപിടിച്ചിട്ടുണ്ട് നടി കങ്കണ റണൗത്ത്. ഇപ്പോൾ അവർ നിറയുന്നതും വ്യത്യസ്തമായ ഒരു അഭിപ്രായത്തിന്റെ പേരിലാണ്. മാർവൽ നിർമിച്ച സൂപ്പർ ഹീറോ സിനിമാ പരമ്പരയായ അവെഞ്ചേഴ്സിന് പ്രചോദനം മഹാഭാരതത്തിവും വേദങ്ങളുമാണെന്നാണ് താരം പറഞ്ഞത്.
ഇ ടൈംസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഇന്ത്യൻ പുരാണങ്ങളെയാണോ ഹോളിവുഡ് സൂപ്പർ ഹീറോകളെയാണോ മാതൃകയാക്കുകയെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അവർ ഇങ്ങനെ പറഞ്ഞത്.
‘ഇങ്ങനെയൊരു ചോദ്യമുയർന്നാൽ ഇന്ത്യൻ പുരാണങ്ങളെയാണ് ഞാൻ സമീപിക്കുക. പാശ്ചാത്യർ നമ്മുടെ പുരാണങ്ങളെ അവരുടെ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാറുണ്ട്. അയേൺ മാനെ തന്നെയെടുക്കാം. അദ്ദേഹം മഹാഭാരത്തിലെ കർണനേപ്പോലെ കവചധാരിയാണ്. ഗദയേന്തി നിൽക്കുന്ന ഹനുമാനുമായി ചുറ്റികയേന്തി നിൽക്കുന്ന തോറിനെ ഉപമിക്കാം. അവെഞ്ചർ സിനിമ തന്നെ മഹാഭാരതത്തിൽ നിന്ന് പ്രചോദനം കൊണ്ടതായിരിക്കാം.’ കങ്കണ പറഞ്ഞു.
അവരുടെ ദൃശ്യവീക്ഷണം വ്യത്യസ്തമാണ്. എന്നാൽ ഈ സൂപ്പർഹീറോ കഥകളുടെ ഉത്ഭവം നമ്മുടെ വേദങ്ങളിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടതാണ്. അവരും ഈ വസ്തുത അംഗീകരിക്കുന്നു. അതുപോലെ, യഥാർത്ഥമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.
ആക്ഷൻ ചിത്രമായെത്തുന്ന ധക്കഡ് ആണ് കങ്കണയുടേതായി ഉടൻ പുറത്തിറങ്ങാനുള്ളത്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. രജനീഷ് ഘായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.