അമേരിക്കൻ പ്രസിഡന്‍റ് പദവിയില്‍ : ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി

0
56

അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തില്‍നിന്ന് ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസുകാരന്‍ വിവേക് രാമസ്വാമി പിന്മാറി. അമേരിക്കൻ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്നുമാണ് രാമസ്വാമി പിന്മാറിയത്.

അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് പിന്നാലെയാണ് രാമസ്വാമിയുടെ പ്രഖ്യാപനം. ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്‍റ്  മത്സര സ്ഥാനത്തേക്ക് ട്രംപ് വിവേകിനെ പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. നവംബര്‍ 5 നാണ് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്‍റ്  സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ആദ്യ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പായ അയോവ കോക്കസിലെ മോശം പ്രകടനമാണ് വിവേക് രാമസ്വാമിയുടെ പിന്മാറ്റ പ്രഖ്യാപനത്തിന് കാരണം. 7.7 ശതമാനം വോട്ട് നേടിയ വിവേകിന്, നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞിരുന്നുള്ളൂ.

അയോവ കോക്കസില്‍ മികച്ച പ്രകടനമാണ് ട്രംപ് കാഴ്ച വച്ചത്. ഇതോടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വ സാധ്യതയില്‍ അദ്ദേഹം മുന്‍പന്തിയില്‍ എത്തി.

ജൂണ്‍ 4വരെ തുടരുന്ന ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ 1215 പ്രതിനിധികളുടെ എങ്കിലും പിന്തുണ കിട്ടുന്നയാളാകും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി.

ആരാണ്  വിവേക് രാമസ്വാമി?

പാലക്കാട് നിന്നും 50 വര്‍ഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്‍റെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്‍റ് സയന്‍സസിന്‍റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്‍റിന്‍റെ സഹസ്ഥാപകനുമാണ് വിവേക് രാമസ്വാമി.

അയോവ കോക്കസ് നടക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ വിവേകിനെതിരേ  രൂക്ഷവിമര്‍ശനം ഉന്നയിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. വിവേകിനെ തട്ടിപ്പുകാരന്‍ എന്ന് വിശേഷിപ്പിച്ച ട്രംപ്, വിവേകിന് വോട്ട് ചെയ്യുന്നത് മറുപക്ഷത്തിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here