രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. എലീറ്റ് ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ കേരളം 327 റൺസിന് എല്ലാവരും പുറത്തായി. 159 റൺസ് നേടിയ സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. സിജോമോൻ ജോസഫ് (55), സൽമാൻ നിസാർ (42), അക്ഷയ് ചന്ദ്രൻ (32) എന്നിവരും കേരളത്തിനായി തിളങ്ങി.
പരുക്കേറ്റ സഞ്ജു സാംസൺ വീണ്ടും പുറത്തിരുന്നപ്പോൾ രോഹൻ കുന്നുമ്മൽ, ഷോൺ റോജർ, എൻപി ബേസിൽ എന്നിവർക്കും ടീമിൽ ഇടം ലഭിച്ചില്ല. എംഡി നിഥീഷ്, വത്സൽ ഗോവിന്ദ്, സൽമാൻ നിസാർ എന്നിവർ പകരമെത്തി. തകർച്ചയോടെയാണ് കേരളം തുടങ്ങിയത്. രോഹൻ കുന്നുമ്മലിൻ്റെ അഭാവനത്തിൽ പൊന്നം രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ജലജ് സക്സേന (8), പൊന്നം രാഹുൽ (0), രോഹൻ പ്രേം (1), വത്സൽ ഗോവിന്ദ് (1) എന്നിവർ സ്കോർബോർഡിൽ 19 റൺസ് മാത്രമുള്ളപ്പോൾ പവലിയനിലെത്തി. അവിടെനിന്നാണ് കേരളം പൊരുതിത്തുടങ്ങിയത്.
അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബിയും ഷോൺ റോജറിനു പകരമെത്തിയ സൽമാൻ നിസാറും ചേർന്ന് കേരളത്തെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. 96 റൺസിൻ്റെ നിർണായക കൂട്ടുകെട്ടിനൊടുവിൽ സൽമാൻ (42) മടങ്ങി. തുടർന്ന് ആറാം വിക്കറ്റിൽ അക്ഷയ് ചന്ദ്രനൊപ്പം ചേർന്ന് സച്ചിൻ ബേബി വീണ്ടും കേരള ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചു. 65 റൺസാണ് ഈ കൂട്ടുകെട്ടിലുയർന്നത്. 32 റൺസെടുത്ത് അക്ഷയ് ചന്ദ്രൻ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. അപരാജിതമായ ഏഴാം വിക്കറ്റിൽ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ സിജോമോൻ ജോസഫുമായി ചേർന്ന് സച്ചിൻ ബേബി വീണ്ടും കേരളത്തിൻ്റെ കൈപിടിച്ചു. ഇതിനിടെ സച്ചിൻ ബേബി തൻ്റെ സെഞ്ചുറിയും സിജോമോൻ ഫിഫ്റ്റിയും തികച്ചു. 131 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ സിജോമോൻ മടങ്ങി. വൈകാതെ സച്ചിൻ ബേബി റണ്ണൗട്ടാവുകയും ചെയ്തു. ബേസിൽ തമ്പി (0), നിഥീഷ് എംഡി (11) എന്നിവർ വേഗം മടങ്ങിയതോടെ കേരളം ഓൾ ഔട്ട്.