തിരുവനന്തപുരം: തലസ്ഥാന നഗരത്തെ രണ്ടാംഘട്ട റോഡുകളുടെ വികസനം ഉടൻ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 12 സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ 12 റോഡുകൾ ഹൈടെക് റോഡുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബേക്കറി – വഴുതക്കാട് – പൂജപ്പുര റോഡ് കിഫ്ബി ഫണ്ടുപയോഗിച്ച് വികസിപ്പിക്കും. രണ്ടു ഘട്ടങ്ങളിലായാവും ഇത് നടപ്പാക്കുക
ജഗതി – ഡിപിഐ ജങ്‌ഷനുകളുടെ വികസനവും ജഗതി പാലംവരെയുള്ള റോഡ് വികസനവുമാണ് ആദ്യഘട്ടം. ജഗതി പാലംമുതൽ പൂജപ്പുര ജങ്‌ഷൻ വരെയും ഡിപിഐ ജങ്‌ഷൻ മുതൽ വിമെൻസ് കോളേജ് ജങ്‌ഷൻവരെയുമാണ് രണ്ടാംഘട്ടമായി വികസിപ്പിക്കുക. ആദ്യഘട്ടത്തിൽ വഴുതക്കാട് പോലീസ് ക്വാർട്ടേഴ്‌സ് മുതൽ ജഗതി പാലംവരെ 675 മീറ്റർ, ജഗതിമുതൽ വിമെൻസ് കോളേജ് റോഡ് 140 മീറ്റർ, ഡിപിഐ – മേട്ടുക്കട 60 മീറ്റർ, ജഗതി – മേട്ടുക്കട 75 മീറ്റർ, ജഗതി-ഇടപ്പഴഞ്ഞി 175 മീറ്ററുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് 20.34 കോടിരൂപയാണ് ആദ്യഘട്ടത്തിന് ചെലവുണ്ട്. വിശദ പദ്ധതിരേഖ അംഗീകാരത്തിനായി കിഫ്ബിക്ക് കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് 10.79 കോടി രൂപയുടെ സാമ്പത്തിക അനുമതി കിഫ്ബി ഇതിനോടകം നൽകുകയും ചെയ്തു.
ഒന്നാംഘട്ട വികസനത്തിന് 8809.44 ചതുരശ്ര മീറ്റർ ഭൂമിയേറ്റെടുക്കണം. രണ്ടാംഘട്ടത്തിൻ്റെ ഡിപിആർ ഉടൻ തയ്യാറാക്കും. ബേക്കറി ജങ്‌ഷൻ – വഴുതക്കാട് – ഡിപിഐ വരെയുള്ള റോഡും ബേക്കറി ജങ്‌ഷനിൽ നിന്ന് വിമെൻസ് കോളേജ് വരെയുള്ള റോഡും വീതി കൂട്ടുന്നതിനുള്ള പരിശോധനയ്ക്ക് 6.7 ലക്ഷത്തിൻ്റെ ഭരണാനുമതി നൽകിയതായും ആൻ്റണി രാജുവിൻ്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.