സ്വാമി അയ്യപ്പൻ സിനിമയ്ക്കുവേണ്ടി 1975-ൽ യേശുദാസ് ‘ഹരിവരാസനം’പാടുമ്പോൾ കൊട്ടാരക്കര പുത്തൂർ സ്വദേശി പ്രകാശിന് ആറ് വയസ്സ്. സംഗീതാഭിരുചിയുള്ള ആ കുട്ടിയും അന്ന് അന്നത്തെ ഹിറ്റുകളിലൊന്നായിരുന്ന ഹരിവരാസനം മൂളിപ്പാടി നടന്നു. 47 വർഷങ്ങൾക്കിപ്പുറം ഹരിവരാസനം ഒരു സിനിമയ്ക്കുവേണ്ടി വീണ്ടും റെക്കോഡ് ചെയ്തു. പാടാൻ അവസരം ലഭിച്ചത് പ്രകാശ് ബി. എന്ന പഴയ ആറു വയസ്സുകാരന്.
അപ്രതീക്ഷിതമായിട്ടാണ് മാളികപ്പുറം സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ആന്റോ ജോസഫിന്റെ വിളി എത്തിയത്. ആയിരത്തോളം ഗായകരിൽ നിന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇദ്ദേഹത്തിലേക്ക് എത്തിയത്. ഒരിക്കൽപോലും പിന്നണി ഗാനരംഗത്തു പ്രവർത്തിക്കാൻ ഒരുശ്രമവും നടത്തിയിട്ടില്ലാത്ത അദ്ദേഹം ആദ്യമായിട്ടാണ് സിനിമയിൽ പാടുന്നത്.
ഗിറ്റാർ പഠിക്കാനുള്ള കമ്പവുമായി പ്രശസ്ത ഗിറ്റാറിസ്റ്റ് മുളവന രാധാകൃഷ്ണന്റെ അടുത്ത് എത്തിയതാണ് വലിയ വഴിത്തിരിവായത്. പ്രകാശിന്റെ പാടാനുള്ള സ്വതസിദ്ധമായ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം തിരുവനന്തപുരം ജൂപിറ്റർ എന്ന ട്രൂപ്പിലേക്കാണ് പ്രകാശിനെ എത്തിച്ചത്. 90-കളുടെ അവസാനത്തിൽ മുപ്പതാം വയസ്സിൽ സംഗീതത്തെ പറ്റി ശാസ്ത്രീയമായി ഒരു അറിവുമില്ലാതെ ഗാനമേള രംഗത്തേക്ക് കടന്ന് വന്നത് ജന്മസിദ്ധമായ കഴിവ് മാത്രം കൈമുതലാക്കിയാണ്.
അവിടെനിന്നും അടൂർ മെലഡി ട്രൂപ്പിൽ പാടിക്കൊണ്ടിരിക്കുന്ന കാലത്താണ് സാരംഗിന്റെ മാനേജർ ഫിറോസ് ഇദ്ദേഹത്തിന്റെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ട്’ എന്ന ഗാനം ആലപിച്ചത് റെക്കോഡിലൂടെ കേൾക്കാൻ ഇടയായി. അന്ന് സാരംഗിലേക്ക് വിളിച്ചതാണ്. പിന്നെ ഇത്രയും കാലവും അവിടം വിട്ടുപോയിട്ടില്ല.ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത പ്രകാശ് ഏറ്റവും കൂടുതൽ ആലപിച്ചിട്ടുള്ളത് യേശുദാസിന്റെ രാഗസാന്ദ്രമായ ഗാനങ്ങളാണ്. ഭാര്യ ഗീതയും മകൾ ഗൗരിയും അടങ്ങുന്നതാണ് പ്രകാശിന്റെ കുടുംബം.