ഹർത്താൽ തടയാൻ കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ സർക്കാർ ഒന്നും ചെയ്തില്ലെന്ന്​ ഹൈകോടതി

0
110

കൊച്ചി: നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന്​ ഉത്തരവുകളുണ്ടായിട്ടും മിന്നൽ ഹർത്താൽ ദിനത്തിലെ പ്രകടനങ്ങളും അക്രമങ്ങളും തടയാൻ കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ സർക്കാർ ഒന്നും ചെയ്തില്ലെന്ന്​ ഹൈകോടതി. സംഘടന മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ ഒരാഴ്ച മുമ്പ്​ നോട്ടീസ്​ നൽകണമെന്ന 2019ലെ ഹൈകോടതി ഉത്തരവ്​ കണക്കിലെടുത്ത്​ ഹർത്താൽ അനുകൂലികളുടെ പ്രകടനവും ഗതാഗതതടസ്സമുണ്ടാക്കലും കൂട്ടം ചേരലും മറ്റും നടക്കുന്നില്ലെന്ന്​ സർക്കാർ ഉറപ്പുവരുത്തണമായിരുന്നു. എന്നാൽ, ഹർത്താൽ ദിവസംപോലും സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ ഫലപ്രദമായ നടപടി ഉണ്ടായത്​ കോടതി ഇടപെടലുണ്ടായ ശേഷമാണെന്ന്​ ഡിവിഷൻബെഞ്ച്​ വ്യക്തമാക്കി.

മിന്നൽ ഹർത്താലുകൾ നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമെന്ന്​ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്​. അതിനാൽ ഈ ഉത്തരവ്​​ ലംഘിച്ച്​ ഹർത്താൽ ആഹ്വാനം ചെയ്യുന്നവർ അതുമൂലമുണ്ടായ ദോഷഫലങ്ങൾക്ക്​ ശിക്ഷ അനുഭവിക്കാൻ ബാധ്യസ്ഥരാണ്​. മുൻകൂർ നോട്ടീസ്​ നൽകി സമാധാനപരമായി നടത്തുന്ന പണിമുടക്കുകൾക്ക്​ ഇത്​ ബാധകമല്ല. എന്നാൽ, ഭരണഘടന അനുവദിക്കുന്ന ഈ സ്വാതന്ത്ര്യം പോലും സമ്പൂർണമല്ല. ​പണിമുടക്കുന്നവരുടെ അവകാശത്തിനൊപ്പം പൊതുജനത്തിന്‍റെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്​. സംഘടിതരല്ലാത്ത ജനത്തിന്​ എപ്പോഴും ഭയപ്പാടോടെ ജീവിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here