IIM വിദ്യാര്‍ത്ഥിനിക്ക് ശമ്പളം 64.61 ലക്ഷം രൂപ; ജോലി മൈക്രോസോഫ്റ്റില്‍

0
66

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം), സംബാല്‍പൂരിലെ വിദ്യാര്‍ത്ഥിനിക്ക് പ്ലേസ്‌മെന്റിലൂടെ ഉയര്‍ന്ന ശമ്പളത്തില്‍ നിയമനം. ടെക് ഭീമനായ മൈക്രോസോഫ്റ്റാണ് ഐഐഎം വിദ്യാര്‍ത്ഥിനിയായ അവ്‌നിക്ക് പ്രതിവര്‍ഷം 64.61 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി നല്‍കിയത്. ഏറ്റവും ഉയര്‍ന്ന ശമ്പളത്തില്‍ പ്ലേസ്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥിയാണ് അവ്‌നി. 2021-23-ലെ ബാച്ചുകള്‍ക്ക് 100 ശതമാനം പ്ലെയ്സ്മെന്റുകള്‍ ലഭിച്ചതായും ഐഐഎം സമ്പല്‍പൂർ അറിയിച്ചു.

ജയ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയാണ് അവ്നി മല്‍ഹോത്ര. മൈക്രോസോഫ്റ്റിന്റെ ആറ് റൗണ്ട് ഇന്റര്‍വ്യൂകള്‍ അവ്‌നി വിജകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് 64.61 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി അവ്‌നിക്ക് ലഭിച്ചത്. അവ്‌നി നേരത്തെ ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്നു. ഈ അനുഭവസമ്പത്തും നേതൃത്വമികവും അവ്‌നിക്ക് പ്ലേസ്‌മെന്റില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കി.

കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദദാരിയായിരുന്നു അവ്നി. ഐഐഎം സംബല്‍പൂരിലെ പ്രൊഫസര്‍മാരും മാതാപിതാക്കളും ഏറെ പിന്തുണച്ചുവെന്ന് അവ്‌നി പറഞ്ഞു.

2021-23 ക്ലാസില്‍, ഐഐഎം സമ്പല്‍പൂരിന് 100 ശതമാനം പ്ലേസ്മെന്റ് നിരക്ക് നേടാനും കഴിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രതിവര്‍ഷം വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളമാണ് 64.61 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഴുവന്‍ ബാച്ചിന്റെയും ശരാശരി വാര്‍ഷിക ശമ്പളം 16 ലക്ഷം ആയിരുന്നു. മൈക്രോസോഫ്റ്റ്, വേദാന്ത, തോലാറാം, അമുല്‍, അദാനി, ഇവൈ, ആക്സെഞ്ചര്‍, കോഗ്‌നിസന്റ്, ഡിലോയിറ്റ്, ആമസോണ്‍ എന്നിവയായിരുന്നു പ്രധാന റിക്രൂട്ടര്‍മാര്‍.

എംബിഎ ബിരുദം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്നമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രവേശനം നേടുക എന്നത്. ഇതിനായി ദേശീയ തലത്തിലെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (CAT) ഹാജരാകണം. കൂടാതെ എഴുത്ത്, അഭിരുചി പരീക്ഷ (WAT) ഗ്രൂപ്പ് ഡിസ്‌കഷൻ (GD) വ്യക്തിഗത അഭിമുഖം (PI) എന്നിവയും നേരിടേണ്ടി വരും. എന്നാല്‍ രാജ്യത്തെ മികച്ച ബിസിനസ് സ്‌കൂളുകളില്‍ ഇതില്ലാതെയും പ്രവേശനം നേടാം.

മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ 12-ാം ക്ലാസിനു ശേഷം ചേരാവുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (IPM) വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ പഠിക്കാനും രണ്ട് ബിരുദങ്ങള്‍ നേടാനും കഴിയും. ഈ കോളേജുകളില്‍ പ്രവേശനം നേടുന്നതിനായി വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTE) നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ടെസ്റ്റ് (JIPMAT) പാസാകേണ്ടതുണ്ട്.

ജീമാറ്റ്: ഒരു വര്‍ഷത്തെ എംബിഎ കോഴ്സിനായി ഐഐഎമ്മുകള്‍ അവരുടെ ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (GMAT) സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതിന് അപേക്ഷിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.

ഓണ്‍ലൈന്‍ കോഴ്‌സുകള്‍: നിരവധി ഐഐഎമ്മുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് Coursera, edX പോലുള്ള ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിച്ചും ഐഐഎമ്മുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചും ഈ കോഴ്‌സുകളില്‍ ചേരാം.

LEAVE A REPLY

Please enter your comment!
Please enter your name here