ന്യൂസിലാൻഡ് അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0ത്തിന് സ്വന്തമാക്കി.

0
60

പാകിസ്താൻ ബോളർമാരെ അടിച്ച് തൂഫാനാക്കി ന്യൂസിലാൻഡ് താരം ഫിൻ അലെൻ. 62 പന്തിൽ 137 റൺസെടുത്ത ഫിൻ അലെൻ ടി20 ഫോർമാറ്റിൽ ന്യൂസിലാൻഡിന് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന് റെക്കോർഡും സ്വന്തമാക്കി. ബ്രെണ്ടൺ മക്കുല്ലത്തിന്റെ (123) റെക്കോർഡാണ് ഫിൻ അലെൻ മറികടന്നത്. അലെന്റെ സെഞ്ചുറി മികവിൽ അതിഥേയർ പാകിസ്താനെതിരെ 225 റൺസ് വിജയലക്ഷ്യം ഉയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 179 റൺസെടുക്കാനെ സാധിച്ചുള്ളൂ. ജയത്തോടെ കിവീസ് അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0ത്തിന് സ്വന്തമാക്കി. പരമ്പരയിൽ രണ്ട് മത്സരം കൂടി ബാക്കിയുണ്ട്.

മക്കുല്ലത്തിന്റെ 12 വർഷത്തെ റെക്കോർഡിന് പുറമെ കിവീസ് ഓപ്പണർ മറ്റൊരു നേട്ടവും പാകിസ്താനെതിരെയുള്ള മത്സരത്തിൽ സ്വന്തമാക്കി. 16 സിക്സറുകളാണ് പാക് ബോളർമാർക്കെതിരെ ന്യൂസിലാൻഡ് ഓപ്പണർ പറത്തിയത്. ഇതോടെ അഫ്ഗാനിസ്താൻ താരം ഹസ്രത്തുള്ള സാസ്സായിക്കൊപ്പം ഫിൻ അലെനെത്തി. മത്സരത്തിൽ പാക് പേസർ ഹാരിസ് റൗഫ് എറിഞ്ഞ ഒരു ഓവറിൽ 27 റൺസെടുക്കുകയും ചെയ്തു അലെൻ. ഒരു വൈഡ് ഉൾപ്പെടെ 28 റൺസാണ് റൗഫ് വിട്ട് നൽകിയത്. മത്സരത്തിൽ ഉടനീളമായി നാല് ഓവറിൽ 60 റൺസാണ് പാക് പേസർ വഴങ്ങിയത്.

മത്സരത്തിൽ ടോസ് നേടിയ പാക് ക്യാപ്റ്റൻ ഷഹീൻ അഫ്രീദി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ് ക്യാപ്റ്റൻ കെയിൻ വില്യംസണിന്റെ അഭാവത്തിൽ മിച്ചൽ സാന്റനെറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ മൂന്ന മത്സരങ്ങളിൽ ന്യൂസിലാൻഡ് പാകിസ്താനെതിരെ ഇറങ്ങിയത്. അലെന്റെ സെഞ്ചുറി മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 224 റൺസെടുത്തത്. റൗഫാണ് പാകിസ്താന് വേണ്ടി രണ്ട് വിക്കറ്റ് സ്വന്തമാക്കി. കൂടാതെ അഫ്രീദിയും സമൻ ഖാനും മുഹമ്മദ് നവാസും മുഹമ്മദ് വസിം ജൂനിയറും ഓരോ വിക്കറ്റുകൾ വീതം നേടി.

225 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താൻ നിശ്ചിത ഓവറിൽ 179 റൺസെടുക്കാനെ സാധിച്ചുള്ളൂ. മുൻ ക്യാപ്റ്റൻ ബാബർ അസം അർധ സെഞ്ചുറി നേടിയെങ്കിലും അത് പാക് ടീമിനെ വിജയലക്ഷ്യത്തിലേക്കെത്തിക്കാൻ സാധിച്ചില്ല. ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തി രണ്ട് വിക്കറ്റും ബാക്കി ബോളർമാരായ മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, മിച്ചൻ സാന്റനെർ, ഇഷ് സോദി എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here