കോഴിക്കോട് : സർക്കാർ ഓഫീസിന് വാടകക്ക് നൽകിയ കെട്ടിടത്തിന്‍റെ വാടക കുടിശ്ശിക കിട്ടാൻ വർഷങ്ങളായി അലയുന്നയാളുണ്ട് കോഴിക്കോട് എടച്ചേരിയിൽ. എടച്ചേരി സബ് രജിസ്ട്രാർ ഓഫീസിന് കെട്ടിടം വാടകക്ക് നൽകിയ ശ്രീധരനാണ് 8 വർഷത്തെ വാടക കുടിശ്ശികക്കായി സർക്കാരോഫീസുകൾ കയറിയിറങ്ങുന്നത്. വാടക വൈകുന്നതിൽ കൃത്യമായ വിശദീകരണങ്ങളൊന്നും സർക്കാർ നൽകുന്നില്ലെന്നതാണ് വിചിത്രം.
പക്ഷാഘാതം വന്നുതളർന്ന ശരീരവുമായി എടച്ചേരി സ്വദേശി ശ്രീധരൻ , കിട്ടാക്കടമായ വാടകക്കുടിശ്ശികായി കയറിയിറങ്ങാത്ത സർക്കാരോഫീസുകളില്ല. കണക്കുപ്രകാരം 25 ലക്ഷം രൂപയിലേറെ വാടകയിനത്തിൽ ഇദ്ദേഹത്തിന് കിട്ടാനുണ്ട്. ഉറപ്പുളള വരുമാനം പ്രതീക്ഷിച്ചാണ് എടച്ചേരി കവലയിലുളള തന്‍റെ കെട്ടിടം 2011 ലാണ് രജിസ്ട്രേഷൻ ഓഫീസ് പ്രവർത്തനങ്ങൾക്കായി വാടകയ്ക്ക് നൽകിയത്. ഇതോടെ, തന്‍റെ ദുരിതം തുടങ്ങിയെന്നാണ് ശ്രീധരൻ പറയുന്നത്. മൂന്നുവർഷങ്ങൾക്ക് ശേഷമാണ് ആദ്യ മാസത്തെ വാടക കിട്ടുന്നത്. ഏറ്റവുമൊടുവിൽ 2015 മാർച്ചിലാണ് വാടക കിട്ടിയത്.
എന്നാൽ ഇക്കാര്യത്തിൽ രജിസ്ട്രേഷൻ വകുപ്പ് നൽകുന്ന വിശദീകരണമിങ്ങിനെ. കെട്ടിടത്തിന്‍റെ തറവിസ്തീർണം സംബന്ധിച്ച് തുടക്കത്തിൽ ചില ആശയക്കുഴപ്പമുണ്ടായിരുന്നു. ഇത് പരിഹരിച്ച് പുതിയ കരാറിലേർപ്പെട്ടപ്പോൾ ഉണ്ടായ സാങ്കേതിക തടസമാണ് വാടക മുടങ്ങാൻ കാരണം. രജിസ്ട്രേഷൻ വകുപ്പിന് പദ്ധതി വിഹിതമില്ലാത്തതിനാൽ, കുടിശ്ശിക സഹിതമുളള കണക്കുകൾ ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം പരിഹാരമാകുമെന്നും രജിസ്ട്രേഷൻ വകുപ്പ് വിശദീകരിക്കുന്നു. ‘