ന്യൂയോര്‍ക്ക് : ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച നായ എന്ന ഗിന്നസ് നേട്ടത്തിനുടമയായ ബോബിക്ക് താത്കാലികമായി റെക്കോഡ് നഷ്ടമായി.
ബോബിയുടെ പ്രായത്തെ ചൊല്ലി വ്യാപക സംശയം ഉയര്‍ന്നതോടെ ഗിന്നസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചതോടെയാണ് നടപടി.
കഴിഞ്ഞ ഒക്ടോബര്‍ 21ന് 31 വയസും 165 ദിവസവും പ്രായമുണ്ടായിരുന്നപ്പോഴാണ് ബോബി വിടവാങ്ങിയത്. നിലവില്‍ ജീവിച്ചിരിക്കുന്ന പ്രായമേറിയ നായ എന്ന റെക്കോഡും പോര്‍ച്ചുഗലില്‍ നിന്നുള്ള ബോബി വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യു.എസിലെ ഒഹായോയില്‍ നിന്നുള്ള 23 വയസുള്ള ‘ സ്പൈക്ക് ” എന്ന ചിവാവ മിക്സ് ഇനത്തിലെ നായയെ മറികടന്നായിരുന്നു ഇത്.
അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ നിലവിലെ ഏറ്റവും പ്രായമേറിയ നായയ്ക്കുള്ള റെക്കോഡും നിറുത്തിവച്ചതായി ഗിന്നസ് അധികൃതര്‍ അറിയിച്ചു.
ബോബിയുടെ പ്രായം പോര്‍ച്ചുഗലിലെ ലീറിയ മുനിസിപ്പാലിറ്റിയിലെ വെറ്ററിനറി മെഡിക്കല്‍ സര്‍വീസ് ആദ്യം സ്ഥിരീകരിച്ചിരുന്നു. ബോബി 1992ല്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിരുന്നെന്ന് ഇവര്‍ പറയുന്നു. പോര്‍ച്ചുഗീസ് പെറ്റ് ഡേറ്റാബേസും ഇക്കാര്യം സ്ഥിരീകരിച്ചെന്ന് ഗിന്നസ് മുമ്ബ് അറിയിച്ചിരുന്നു.
എന്നാല്‍ ബോബിയുടെ പഴയ ഫോട്ടോകളിലെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യഥാര്‍ത്ഥ പ്രായത്തെ ചൊല്ലി വിവാദം പുകയുന്നത്. 1999ല്‍ ബോബി ചെറുതായിരിക്കുമ്ബോഴുള്ള ഫോട്ടോയില്‍ അതിന്റെ കാല്‍പ്പാദത്തിന് വെള്ള നിറമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളില്‍ ബോബിയുടെ കാലിന് ബ്രൗണ്‍ നിറമാണ്. ചില വെറ്ററിനറി വിദ്ഗദ്ധരും ബോബിയ്ക്ക് 31 വയസുണ്ടെന്ന വാദത്തില്‍ സംശയം ഉന്നയിച്ച് രംഗത്തെത്തി. ജനിതക പരിശോധനയിലൂടെ ബോബിയുടെ പ്രായം കൃത്യമായി നിര്‍ണയിച്ചിട്ടില്ലെന്നും പറയുന്നു.
റഫേറോ ഡോ അലെൻറ്റേഷോ ബ്രീഡില്‍പ്പെട്ടതാണ് ബോബി. കന്നുകാലികളുടെ സംരക്ഷണത്തിന് പോര്‍ച്ചുഗലില്‍ വളര്‍ത്തുന്ന നായയാണ് റഫേറോ ഡോ അലെൻറ്റേഷോ. 12 മുതല്‍ 14 വയസുവരെയാണ് ഇക്കൂട്ടരുടെ ശരാശരി ആയൂര്‍ദൈര്‍ഘ്യം. പടിഞ്ഞാറൻ പോര്‍ച്ചുഗലിലെ കോണ്‍ക്വിറോസ് ഗ്രാമത്തിലെ ലിയണല്‍ കോസ്റ്റ എന്നയാളുടെ കുടുംബത്തിനൊപ്പമായിരുന്നു ബോബിയുടെ താമസം.
ഓസ്ട്രേലിയൻ കാറ്റില്‍ ഡോഗ് ഇനത്തിലെ ബ്ലൂയീക്കായിരുന്നു ഇതിന് മുമ്ബ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച നായ എന്ന റെക്കോഡ്. 1939ല്‍ 29 വയസുള്ളപ്പോഴാണ് ബ്ലൂയീ ലോകത്ത് നിന്ന് വിടപറഞ്ഞത്. ഓസ്ട്രേലിയയില്‍ തന്നെയുള്ള ചില്ല എന്ന വളര്‍ത്തുനായ 1983ല്‍ 32ാം വയസിലാണ് ചത്തതെന്ന് പറയുന്നുണ്ടെങ്കിലും ഇത് സാധൂകരിക്കാനുള്ള രേഖകളില്ല.