കൊച്ചി: ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് കൊച്ചി സിറ്റി പോലീസ്. പീഡനം നടന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്ലാറ്റിലും പോലീസ് പരിശോധന നടത്തി. ഇയാൾക്കെതിരെ നിർണായക തെളിവുകൾ പോലീസിന് ലഭിച്ചതായാണ് വിവരം.
ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തി, വെല്ലുവിളിയുമായി വിജയ് ബാബു ഫെയ്സ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് പോലീസ് പോകുന്നത്. ഇയാൾക്കെതിരെ മതിയായ തെളിവുകളെല്ലാം ശേഖരിക്കാൻ സാധിച്ചു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് അറസ്റ്റിലേക്കുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരേയുള്ള ഒരു മാസ കാലയളവിലാണ് പീഡനം നടന്നതായി പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിന് എളുപ്പമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ദുബായിലുള്ള വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഏതെങ്കിലും വിമാനത്താവളങ്ങൾ വഴിയോ കപ്പൽ വഴിയോ കടക്കാൻ ശ്രമിച്ചാൽ തടഞ്ഞുവെച്ച് അറസ്റ്റ് രേഖപ്പെടുത്തുക എന്നതാണ് പോലീസ് ഉദ്ദേശിക്കുന്ന്.