തിരുവനന്തപുരം: മൂന്ന് ജില്ലകളിലായി പതിനാല് പുതിയ ജലവൈദ്യുതപദ്ധതികൾക്കുള്ള നിർദേശവുമായി കെ.എസ്.ഇ.ബി. ഇടുക്കിയിലെ രണ്ടാംനിലയം ഉൾപ്പെടെയുള്ള ഈ പദ്ധതി 2027 -ഓടെ പൂർത്തിയാക്കി 920.5 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 4749.81 കോടി രൂപയാണ് ചിലവ് വരുക. ഇടുക്കി, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് പുതിയ പദ്ധതികൾക്ക് നിർദേശം. ഇതിനു പുറമെ ഏറ്റുമാനൂരിലും നെന്മാറയിലും സൗരവൈദ്യുതനിലയങ്ങൾ തുടങ്ങാനും നിർദേശമുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിൽ ഡോ. ബി. അശോക് ചെയർമാനായിരുന്ന കാലത്ത് സമർപ്പിച്ച മൂലധനനിക്ഷേപപദ്ധതിയിലാണ് ഇവ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ അത് ഇപ്പോഴാണ് റെഗുലേറ്ററി കമ്മിഷൻ പരിഗണിക്കുന്നത്. ഇതിൽ ഉത്പാദനമേഖലയിലെ നിർദേശങ്ങളെക്കുറിച്ചുമാത്രം 27-ന് കമ്മിഷൻ തെളിവെടുപ്പ് നടത്തും. മറ്റുമേഖലകളിലേത് പിന്നീട് നടത്തും.
1. ഇടുക്കി രണ്ടാംനിലയം, 2. ഇടുക്കി ജില്ലയിലെ മാങ്കുളം, 3. അപ്പർ ചെങ്കുളം, 4. പീച്ചാട്, 5. പടിഞ്ഞാറെ കല്ലാർ, 6. ലാഡ്രം, 7. കോട്ടയം മാർമല (പൂഞ്ഞാർ), 8. കോഴിക്കോട് പശുക്കടവ്, 9 കോഴിക്കോട് ചാത്തങ്കോട്ടുനട, 10. കോഴിക്കോട് വളന്തോട്, 11. കോഴിക്കോട്
കോഴിക്കോട് മാരിപ്പുഴ, 12. കോഴിക്കോട് ചെമ്പുകടവ് മൂന്ന്, 13. കോഴിക്കോട് ഓലിക്കൽ, 14 കോഴിക്കോട് പൂവാരംതോട് എന്നിവടങ്ങളിലാണ് പുതിയ ജലവൈദ്യുതപദ്ധതികൾ ആരംഭിക്കാൻ നിർദേശം.
ഇടുക്കിയിൽ നിലവിലുള്ളതിനുപുറമേ, മറ്റൊരു നിലയംകൂടി നിർമിക്കുന്നതിന് കേന്ദ്രത്തിന്റെ ഒന്നാം ഘട്ട പാരിസ്ഥിതികാനുമതി ലഭിച്ചിരുന്നു. ഇതിന്റെ വിശദമായ പദ്ധതിറിപ്പോർട്ട് തയ്യാറാക്കിവരുന്നു. മറ്റുപദ്ധതികൾക്ക് സ്ഥലമേറ്റെടുക്കുന്നതുൾപ്പടെ പ്രാഥമിക നടപടികൾ സ്വീകരിച്ചെന്നും കെ.എസ്.ഇ.ബി. കമ്മിഷനെ അറിയിച്ചിട്ടുണ്ട്.