എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കെ വി തോമസുമായി കൂടിക്കാഴ്ച നടത്തി. തങ്ങളുമായി സഹകരിക്കുന്നതില്‍ താത്പര്യപ്പെട്ടാല്‍ പാര്‍ട്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് പവാര്‍ പറഞ്ഞു. കെ വി തോമസും താനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന്നത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്നും പവാര്‍ വ്യക്തമാക്കി. എന്‍സിപി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇന്നലെ കൊച്ചിയില്‍ എത്തിയിരുന്നു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ പവാറിനൊപ്പം ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലും പങ്കെടുത്തിരുന്നു.
നേരത്തെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കോണ്‍ഗ്രസും കെ വി തോമസും തമ്മില്‍ പരസ്യപോരിലേക്ക് എത്തിയിരുന്നു. ഇതിന്റെ പേരില്‍ കെ വി തോമസിനെതിരെ അച്ചടക്ക നടപടിക്ക് കെപിസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ട എന്നായിരുന്നു എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശം.എന്നാല്‍, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പങ്കെടുത്ത ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ കെ വി തോമസ് പങ്കെടുത്തതോടെ കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു.