വരാപ്പുഴ: മില്ലറ്റ് വേള്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി കോട്ടുവള്ളി കോതകുളം ജൈവരാജ്യം ഓര്‍ഗാനിക് ഫാമില്‍ ആരംഭിച്ച ചെറുധാന്യ കൃഷി ശ്രദ്ധയാകര്‍ഷിക്കുന്നു.
മനോജ് വലിയപുരക്കല്‍ എന്ന കര്‍ഷകനാണ് അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന ചെറുധാന്യ കൃഷി വ്യാപന പദ്ധതിയായ കോട്ടുവള്ളി മില്ലറ്റ് വേള്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ഒന്നര ഏക്കര്‍ സ്ഥലത്ത് ചെറുധാന്യ കൃഷി ചെയ്തിരിക്കുന്നത്.
കോതകുളത്ത് ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് ചെറുധാന്യ കൃഷി ആരംഭിച്ചത്. ചാമ, റാഗി, ബജ്റ, മണിച്ചോളം, വിരഗ് തുടങ്ങിയ ചെറുധാന്യങ്ങളാണ് കൃഷി ചെയ്യുന്നത്. ചെറുധാന്യങ്ങള്‍ വിളയിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ഏക്കര്‍ പാട്ടത്തിനെടുത്ത് നിലമൊരുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോട്ടുവള്ളി പഞ്ചായത്തില്‍ കോട്ടുവള്ളി മില്ലറ്റ് വേള്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി 100 ഹെക്ടറില്‍ ചെറുധാന്യ കൃഷി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മനോജ്.
കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ചെറുധാന്യങ്ങള്‍ മനോജ് വലിയപുരക്കലിന്‍റെ ജൈവരാജ്യം ഫാം സംഭരിച്ച് സംസ്കരിച്ച് വിപണിയിലെത്തിക്കും. ചെറുധാന്യങ്ങള്‍ പ്രോസസ് ചെയ്യുന്ന മില്ലും ജൈവരാജ്യം ഫാമില്‍ തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ ഒരേയൊരു മില്ലറ്റ് പ്രോസസിങ് സെന്‍റര്‍ ജൈവരാജ്യം ഓര്‍ഗാനിക് ഫാമിന്റേതാണ്. മില്ലറ്റ് ഭക്ഷണങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ മില്ലറ്റ് അടുക്കളയും ഫാമില്‍ പ്രവര്‍ത്തനം ആരംഭിക്കും.
പുതുതലമുറയെ ആകര്‍ഷിപ്പിക്കാൻ മില്ലറ്റ് കൊണ്ടുള്ള ന്യൂജൻ വിഭവങ്ങള്‍ മില്ലറ്റ് അടുക്കളയിലൂടെ വിപണനം നടത്തും. ചെറുധാന്യ കൃഷിയെക്കുറിച്ച് പഠിക്കാൻ കോയമ്ബത്തൂരിലെ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു. കോയമ്ബത്തൂര്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച അത്യുല്‍പാദന ശേഷിയുള്ള ചെറുധാന്യ ഇനങ്ങളാണ് ജൈവരാജ്യം ഓര്‍ഗാനിക് ഫാമില്‍ കൃഷി ചെയ്യുന്നത്.