മോദിയുടെ സന്ദർശനത്തിൽ ഫ്രാൻസുമായി വൻകരാറിന് ഇന്ത്യ.

0
73

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ 26 റഫാൽ യുദ്ധവിമാനങ്ങളും മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങുന്ന കാര്യത്തിൽ തീരുമാനമായേക്കും. ഫ്രാൻസിൽ നിന്ന് റഫാൽ വിമാനങ്ങളും സ്കോർപീൻ അന്തർവാഹിനികളും വാങ്ങാൻ സൈന്യം പ്രതിരോധ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശന വേളയിൽ ഇക്കാര്യം  പ്രഖ്യാപിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ നാവികസേനയ്ക്ക് 22 ഒറ്റ സീറ്റുള്ള റഫാൽ മറൈൻ വിമാനങ്ങളും നാല് ട്രെയിനർ വിമാനങ്ങളും ലഭിക്കും.

സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്താണ് യുദ്ധവിമാനങ്ങളും അന്തർവാഹിനികളും അടിയന്തരമായി എത്തിക്കണണെന്ന് നാവികസേന സമ്മർദ്ദം ചെലുത്തിയിരുന്നു. ഐഎൻഎസ് വിക്രമാദിത്യ, വിക്രാന്ത് എന്നീ വിമാനവാഹിനിക്കപ്പലുകളിൽ നിലവിൽ മിഗ്-29 വിമാനങ്ങളാണുള്ളത്. രണ്ട് വിമാനവാഹിനിക്കപ്പലുകളിലും റഫേൽ വിമാനങ്ങൾ ആവശ്യമാണെന്നാണ് നാവിക സേനയുടെ ആവശ്യം. അതേസമയം, മുംബൈയിലെ മസഗോവ് ഡോക്ക്‌യാർഡ്‌സ് ലിമിറ്റഡിൽ നിർമ്മിക്കുന്ന മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ നാവികസേന ഏറ്റെടുക്കും. 90,000 കോടി രൂപയിലധികം വില വരുന്ന കരാറാണ് ഫ്രാൻസുമായി പ്രതീക്ഷിക്കുന്നത്. ചർച്ചകൾ പൂർത്തിയായതിന് ശേഷമേ തുകയിൽ അന്തിമ തീരുമാനമാകൂ. ഇന്ത്യ ഇളവുകൾ തേടാൻ സാധ്യതയുണ്ടെന്നും ‘മേക്ക്-ഇൻ-ഇന്ത്യ’യെ ഉൾപ്പെടുത്തണമെന്നും ഇന്ത്യ ഉപാധി മുന്നോട്ടുവെച്ചേക്കും.

 36 യുദ്ധവിമാനങ്ങൾക്കായുള്ള മുൻ റഫേൽ കരാറിലെന്നപോലെ റഫാൽ ഇടപാടിനായി ഇന്ത്യയും ഫ്രാൻസും സംയുക്ത സംഘം രൂപീകരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. നിർദ്ദേശങ്ങൾ പ്രതിരോധ മന്ത്രാലയത്തിൽ ഉന്നതതല യോഗത്തിൽ ചർച്ചയായി. കരാർ ഡിഫൻസ്  കൗൺസിലിന് മുന്നിൽവെക്കാനും തീരുമാനമായി. മോദിയുടെ അമേരിക്കൻ സന്ദർശനത്തിലും പ്രതിരോധ മേഖലക്ക് ഡ്രോണുകൾ അടക്കം വാങ്ങുന്നതിന് ധാരണയായിരുന്നു. നേരത്തെയും അത്യാധുനിക സൗകര്യങ്ങളുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽനിന്നാണ് ഇന്ത്യ വാങ്ങിയ‌ത്.

LEAVE A REPLY

Please enter your comment!
Please enter your name here