കൂളിമാട് പാലം തകർച്ച: ബീം സ്ഥാപിച്ച ദിവസം എൻജിനീയർമാർ കലാമേളയിൽ

0
71

കോഴിക്കോട്• നിർമാണത്തിനിടെ തകർന്ന കൂളിമാട് പാലത്തിനു ബീമുകൾ സ്ഥാപിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ലെന്നു വിവരം. മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ 3 ബീമുകൾ ഈ മാസം 16നാണു തകർന്നുവീണത്. അന്നും അതിനടുത്ത ദിവസങ്ങളിലും വയനാട്ടിൽ ഗവ.എൻജീനിയർമാരുടെ സംഘടന നടത്തിയ കലാകായികമേളയുടെ തിരക്കിലായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ. ബീമുകൾ സ്ഥാപിക്കുമ്പോഴോ തകരുമ്പോഴോ പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയറും അസി.എൻജിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. ബീമുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന ജോലികൾ നടക്കുമ്പോൾ ഉണ്ടായിരുന്നതു കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രം.

14,15,16 തീയതികളിലാണ് അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് കേരളയുടെ കലാകായികമേള വയനാട് ജില്ലയിലെ ബത്തേരിയിൽ നടന്നത്. മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് അസി.എക്സിക്യൂട്ടീവ് എൻജിനീയർ (എഎക്സ്ഇ) 12 മുതൽ 16 വരെ വയനാട്ടിലായിരുന്നു. അസി.എൻജിനീയർ 14,15 തീയതികളിൽ മേളയിൽ പങ്കെടുത്ത ശേഷം 16നു മടങ്ങിയെത്തിയെങ്കിലും പാലം നിർമാണം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതേ സമയം, 12 മുതൽ 16 വരെ താൻ അവധിയിലായിരുന്നു എന്നാണ് അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ വിശദീകരണം. കാഷ്വൽ ലീവ് എടുത്താണു മേളയിൽ പങ്കെടുത്തത് എന്നും എഎക്സ്ഇ പറയുന്നു.

ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി തകരാറിലായതാണു ബീമുകൾ തകരാൻ കാരണമെന്നാണു കരാറുകാരുടെ വിശദീകരണം. ബീമിന്റെ നിർമാണ സമയത്ത് ഉദ്യോഗസ്ഥർ പരിശോധിച്ചതാണെന്നും, ബീം സ്ഥാപിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്നും പൊതുമരാമത്ത് വകുപ്പും വിശദീകരിക്കുന്നു. പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here