ചെന്നൈ: സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ‘₹’ ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ ‘രൂ’ (ரூ) ചേര്‍ത്ത് തമിഴ്‌നാട് സർക്കാർ. ദേവനാഗിരി ലിപിയിലുള്ള ചിഹ്നം ഒഴിവാക്കിയാണ് തമിഴ് അക്ഷരം നൽകിയിരിക്കുന്നത്. ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ മാറ്റമുള്ളത്. 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്ചയാണ് തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിക്കുക.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷനയത്തില്‍ കേന്ദ്രത്തിനെതിരേ തമിഴ്നാട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പുതിയ നീക്കം. ഈ പശ്ചാത്തലത്തില്‍ രൂപയുടെ ചിഹ്നത്തിനു പകരമുള്ള ‘രൂ’ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. മുന്‍പത്തെ രണ്ട് ബജറ്റുകളിലും രൂപയുടെ ചിഹ്നമാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണയാണ് ഇതില്‍ മാറ്റംകൊണ്ടുവന്നിരിക്കുന്നത്.