ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്കുകളും വനിതകള്‍ക്കാണ്. ശ്രുതി ശര്‍മ്മയ്ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. രണ്ടാം റാങ്ക് അങ്കിത അഗര്‍വാള്‍ നേടി. ഗമിനി ശിംഗ്ല മൂന്നാം റാങ്കും ഐശ്വര്യ വര്‍മ്മ നാലാം റാങ്കും നേടി. ആകെ 685 ഉദ്യോഗാര്‍ഥികളാണ് യോഗ്യതാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ആദ്യ നൂറ് റാങ്കില്‍ ഒന്‍പത് പേര്‍ മലയാളികളാണ്.
21-ാം റാങ്കാണ് മലയാളി നേടിയ ഉയര്‍ന്ന റാങ്ക്. മലയാളിയായ ദിലീപ് കെ കൈനിക്കരക്കാണ് ഇരുപത്തിയൊന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. ശ്രുതി രാജലക്ഷ്മിക്ക് 25ാം റാങ്ക് ലഭിച്ചു. വി. അവിനാശിന് 31-ാം റാങ്ക് ലഭിച്ചു. ജാസ്മിന്‍ ( 36 ) , ടി സ്വാതിശ്രീ (42), സി എസ് രമ്യ (46), അക്ഷയ് പിള്ള (51), അഖില്‍ വി മേനോന്‍ (66), ചാരു (76) എന്നിവരാണ് ആദ്യ നൂറ് റാങ്കില്‍പ്പെട്ട മലയാളികള്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ഫലം പരിശോധിക്കാന്‍ upsc.gov.in സന്ദര്‍ശിക്കാവുന്നതാണ്. അതേസമയം റാങ്ക് ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. 2021 ലെ സിവില്‍ സര്‍വീസ് (മെയിന്‍) പരീക്ഷ പാസായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ വികസന യാത്രയുടെ സുപ്രധാന സമയത്ത്, ഭരണപരമായ ജോലിയില്‍ പ്രവേശിക്കുന്ന ഈ യുവാക്കള്‍ക്ക് എന്റെ ആശംസകള്‍. ഞങ്ങള്‍ ആസാദി കാ അമൃത് മഹോത്സവം അടയാളപ്പെടുത്തുകയാണ്, എന്നാണ് നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്. മെയിന്‍ ഇന്റര്‍വ്യൂവിന്റെയും പേഴ്‌സണാലിറ്റി ടെസ്റ്റ് റൗണ്ടുകളുടെയും സ്‌കോറുകള്‍ സംയോജിപ്പിച്ചാണ് സിവില്‍ സര്‍വീസ് അന്തിമ ഫലം പ്രസിദ്ധീകരിച്ചത്. മെയിന്‍ പരീക്ഷാ ഫലം മാര്‍ച്ച് 17 ന് പ്രഖ്യാപിക്കുകയും അതില്‍ വിജയിച്ചവരെ 2022 ഏപ്രില്‍ 5 മുതല്‍ മെയ് 26 വരെ അഭിമുഖ റൗണ്ടിന് (വ്യക്തിത്വ പരിശോധന) വിളിക്കുകയും ചെയ്തിരുന്നു. പ്രിലിമിനറി പരീക്ഷ 2021 ഒക്ടോബര്‍ 10 ന് നടന്നത്. ഈ പരീക്ഷയുടെ ഫലങ്ങള്‍ ഒക്ടോബര്‍ 29 ന് പ്രഖ്യാപിച്ചിരുന്നു. മെയിന്‍ പരീക്ഷ 2022 ജനുവരി 7 മുതല്‍ 16 വരെയായിരുന്നു.