ന്യൂഡൽഹി: രാജ്യത്തെ ആറ് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ ഡി.സി.ജി.ഐയുടെ (ദി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) അനുമതി. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വാക്സിൻ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്.
കുട്ടികളിലെ വാക്സിന്റെ ഉപയോഗം സംബന്ധിച്ച് സുരക്ഷാവിവരങ്ങൾ പതിനഞ്ച് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ ഭാരത് ബയോടെക്കിനോട് ഡി.സി.ജി.ഐ നിർദേശിച്ചു. ആദ്യ രണ്ട് മാസത്തേക്ക് 15 ദിവസം കൂടുമ്പോഴുള്ള സമ്പൂർണ റിപ്പോർട്ട് ഉൾപ്പെടെ സമർപ്പിക്കണം. രണ്ട് മാസത്തിന് ശേഷം ഒരു മാസം കൂടുമ്പോഴുള്ള റിപ്പോർട്ട് ആണ് സമർപ്പിക്കേണ്ടത്.