ഇടുക്കി രാജാക്കാട് ഗവണ്‍മെന്റ് ഐടിഐയില്‍ എസ് എഫ് ഐ പ്രവർത്തകരും കെ എസ് യു പ്രവർത്തകരും തമ്മിൽ സംഘര്‍ഷം. തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എസ് എഫ് ഐ, കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും വിദ്യാർഥികൾക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജാക്കാട് മുല്ലക്കാനത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ ടി ഐയില്‍ ഡിസംബർ 22ന് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
നോമിനേഷന്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് എത്തിയത്. കെ എസ് യു അംഗങ്ങള്‍ നോമിനേഷന്‍ നല്‍കാന്‍ എത്തിയപ്പോള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് കെ എസ് യു പ്രവർത്തകർ ആരോപിച്ചു. അതേസമയം കെ എസ് യു ജില്ലാ നേതാക്കള്‍ ക്യാമ്പസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി എസ് എഫ് ഐ ആരോപിച്ചു.