ടെലിവിഷൻ പ്രൊഡക്ഷനിലും ജേണലിസത്തിലും 40 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ഇദ്ദേഹം. 71കാരനായ സമീർ ഷായുടെ മികച്ച സംഭാവനകൾക്ക് 2019ൽ എലിസബത്ത് രാജ്ഞി, കമാൻഡർ ഓഫ് ദി മോസ്റ്റ് എക്സലന്റ് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (CBE) നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായുള്ള സംഭാഷണം ചോർന്നതിനെ തുടർന്ന് രാജിവയ്ക്കാൻ നിർബന്ധിതനായ റിച്ചാർഡ് ഷാർപ്പിന് പകരക്കാരനായാണ് സമീർ ഷാ ബിബിസി ചെയർമാൻ സ്ഥാനത്തേയ്ക്ക് എത്തുന്നത്.ഔറംഗബാദിൽ ജനിച്ച ഷാ 1960ലാണ് ഇംഗ്ലണ്ടിലെത്തിയത്.
മുമ്പ് ബിബിസിയുടെ കറന്റ് അഫയേഴ്സ്, പൊളിറ്റിക്കൽ പരിപാടികളുടെ തലവനായിരുന്നു ഷാ. സ്വതന്ത്ര ടെലിവിഷൻ, റേഡിയോ പ്രൊഡക്ഷൻ കമ്പനിയായ ജൂനിപ്പറിന്റെ സിഇഒയും ഉടമയുമായ ഷാ 2007 നും 2010 നും ഇടയിൽ ബിബിസിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിബിസി ഒരു സ്വതന്ത്ര സ്ഥാപനമാണെങ്കിലും അതിന്റെ ചെയർപേഴ്സനെ നിയമിക്കുന്നത് സർക്കാരാണ്.ബിബിസി ചെയർമാനായി ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ്, ഹൗസ് ഓഫ് കോമൺസ് എംപിമാരുമായും, മീഡിയ ആൻഡ് സ്‌പോർട്‌സ് സെലക്‌ട് കമ്മിറ്റിയുമായും ഷാ കൂടിക്കാഴ്ച്ച നടത്തും.
“ടെലിവിഷൻ പ്രൊഡക്ഷനിലും ജേണലിസത്തിലും 40 വർഷത്തിലധികം പ്രവർത്തി പരിചയമുള്ളതിനൊപ്പം ബിബിസി ചെയർ സ്ഥാനത്തേക്ക് എത്താൻ ഡോ. ഷായ്ക്ക് നിരവധി അനുഭവസമ്പത്തുമുണ്ട്,” യു.കെ സാംസ്കാരിക സെക്രട്ടറി ലൂസി ഫ്രേസർ ബുധനാഴ്ച പറഞ്ഞു.“വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന മാധ്യമരംഗത്ത് ബിബിസിയുടെ വിജയം കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.
ഭാവി വെല്ലുവിളികൾ നേരിടാനും അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും ബിബിസിക്ക് ആവശ്യമായ എല്ലാ പിന്തുണയും അദ്ദേഹം നൽകുമെന്നതിൽ എനിക്ക് സംശയമില്ല,” അവർ കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന സങ്കീർണ്ണവും വൈവിധ്യമാർന്നതുമായ വെല്ലുവിളികളെ നേരിടാൻ എന്റെ കരിയറിൽ ഞാൻ നേടിയെടുത്ത വൈദഗ്ധ്യം, അനുഭവം, ധാരണ എന്നിവ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ അത് ഒരു ബഹുമതിയായി ഞാൻ കണക്കാക്കും” ഷാ പറഞ്ഞു.