മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ആയ ഗോഡ്ഫാദറിലെ ഗാനരംഗത്തെക്കുറിച്ചുള്ള വാർത്തയിൽ ആവേശഭരിതരായി ആരാധകർ. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ താരത്തിനൊപ്പം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ഒരുമിച്ചെത്തും എന്നതാണ് സിനിമാപ്രേമികളിൽ ആവേശം നിറയ്ക്കുന്നത്.
ചിത്രത്തിന്റെ സംഗീതസംവിധായകൻ തമൻ ആണ് ഇക്കാര്യം ഒദ്യോഗികമായി അറിയിച്ചത്. ആറ്റം ബോംബിങ് സ്വിങ്ങിങ് സോങ് എന്നാണ് പാട്ടിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഗാനരംഗത്തിന്റെ ചിത്രീകരണം ഉടൻ ഹൈദരാബാദിൽ ആരംഭിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്തസംവിധായകൻ.
മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സൽമാൻ ഖാൻ അവതരിപ്പിക്കുന്നത്. നയൻതാര നായികയായെത്തുന്നു. സത്യദേവ്, സംവിധായകൻ പുരി ജഗന്നാഥ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. കൊണിഡേല പ്രൊഡക്‌ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണു നിര്‍മാണം.