രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ട കേസ്

0
63

മുൻ എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. ജനുവരിയിൽ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ ആർഎസ്എസിനെതിരെ നടത്തിയ വിവാദ പരാമർശത്തിലാണ് കേസ് ഫയൽ ചെയ്തത്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ കോടതിയിൽ ആർഎസ്എസ് പ്രവർത്തകൻ കമൽ ബദൗരിയയുടെ പരാതിയിൽ അഭിഭാഷകൻ അരുൺ ബദൗരിയയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ജനുവരി 9 ന് ഹരിയാനയിലെ അംബാലയിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ഒരു സ്ട്രീറ്റ് കോർണർ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ “ആർ‌എസ്‌എസുകാർ 21-ാം നൂറ്റാണ്ടിലെ കൗരവർ”- എന്ന പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു. ഇതിനെതിരെയാണ് ആർഎസ്എസ് പ്രവർത്തകൻ കമൽ ബദൗരി പരാതി നൽകിയത്.

 

 

“ആരാണ് കൗരവർ? 21-ാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് ഞാൻ പറയാം. അവർ കാക്കി ഹാഫ് പാന്റ് ധരിക്കുന്നു, കൈയിൽ ലാത്തിയും, ശാഖകളും ധരിക്കുന്നു, ഇന്ത്യയിലെ 2-3 ശതകോടീശ്വരന്മാർ കൗരവർക്കൊപ്പം നിൽക്കുന്നു,”  എന്നതായിരുന്നു രാഹുലിന്റെ പ്രസംഗം.

കേസ് ഏപ്രിൽ 12ന് കോടതി പരിഗണിക്കും. അതേസമയം 2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, ‘എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകള്‍ സാധാരണമായത്?എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും’ എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണുളളതെന്ന് പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബിജെപി എംഎല്‍എ പരാതിയില്‍ പറഞ്ഞിരുന്നു. കേസിൽ രാഹുലിനെ  സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചു. ശിക്ഷ വിധിച്ച് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here