കാനത്തിന് അന്ത്യാഞ്ജലി, തിരുവനന്തപുരത്ത് പൊതുദര്‍ശനം;

0
63

രാവിലെ മൃതദേഹം കൊച്ചിയിൽ നിന്ന്  തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് ഉച്ചക്ക് രണ്ടുമണിവരെ പാർട്ടി ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലും പൊതുദര്‍ശനമുണ്ടാകും. ഇതിന് ശേഷം മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയത്ത് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. നാളെ രാവിലെ 11 മണിക്ക് വാഴൂരിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ. അതേസമയം കാനം രാജേന്ദ്രന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ നവകേരള സദസ് റദ്ദാക്കി. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലെ ഇന്നത്തെ പരിപാടികളാണ് മാറ്റിവെച്ചത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പെരുമ്പാവൂരില്‍ നിന്ന് പര്യടനം തുടരും. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഞായറാഴ്ചയാണ് നവകേരള സദസ് നടക്കുക.

ഇന്നലെ വൈകുന്നേരം 5.30ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം. 73 വയസായിരുന്നു.  ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. അനാരോഗ്യം മൂലം സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് കാനം അപേക്ഷ നല്‍കിയിരുന്നു.  ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.  കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം ഈ പരിക്ക് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടിയും വന്നിരുന്നു. തനിക്ക് പകരം ചുമതല ബിനോയ് വിശ്വത്തിന് നൽകണമെന്ന് പാർട്ടിയെ അറിയിച്ച് അവധിയും ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് കാനം മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here