വളരെ സൂക്ഷ്മമായി പരിപാലിക്കുന്ന താടിയെപ്പോലും ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് താരൻ. ഇത് പ്രാഥമികമായി ചർമ്മത്തിൽ യീസ്റ്റ് അമിതമായി വളരുന്നതും, വരണ്ട ചർമ്മം, അമിതമായ എണ്ണ ഉൽപാദനം, ശുചിത്വമില്ലായ്മ്മ തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടാകുന്നതാണ്. അതിന്റെ ഫലമായി താടി രോമങ്ങൾക്കു താഴെയുള്ള ചര്‍മ്മങ്ങളില്‍ അടരുകള്‍ രൂപപ്പെടുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും, പലപ്പോഴും ഇത് അസ്വസ്ഥതയിലേക്കും പൊടിഞ്ഞു വീഴുന്ന താരന്‍ നാണക്കേടിലേക്കും നയിക്കുന്നു. എന്നാൽ വിഷമിക്കേണ്ട, ഈ പ്രശ്‌നത്തെ നേരിടാൻ കഴിയുന്ന ചില മികച്ച പ്രകൃതിദത്ത വഴികൾ ഇവിടെ വായിക്കാവുന്നതാണ്.
പതിവായുള്ള ശുചീകരണം :
ശരിയായ ശുചിത്വം പാലിക്കുക എന്നതാണ് താരന്‍ കുറയ്ക്കുവാനുള്ള പ്രാഥമിക മാര്‍ഗ്ഗം. നിങ്ങളുടെ മുഖത്തെ രോമങ്ങൾ പതിവായി വൃത്തിയാക്കാൻ നിങ്ങൾക്ക് സോഫ്റ്റ് ആയ സൾഫേറ്റ് ഇല്ലാത്ത താടി ഷാംപൂകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് ഉപയോഗിച്ച് അമിതമായി കഴുകുന്നത് ഒഴിവാക്കുക, കാരണം ഇത് സ്വാഭാവികമായ എണ്ണകളെ നീക്കം ചെയ്യും, ഇത് ചര്‍മ്മം വരണ്ടത് ആകുവാനുള്ള സാധ്യത വർദ്ധിപ്പിക്കും. നിങ്ങളുടെ താടിയിൽ ഷാംപൂ ഉപയോഗിച്ച് മൃദുവായി മസാജ് ചെയതിന് ശേഷം നന്നായി കഴുകുക, അഴുക്ക്, എണ്ണ, താരൻ എന്നിവയ്ക്ക് കാരണമാകുന്ന ചർമ്മകോശങ്ങൾ ഇങ്ങനെ നീക്കം ചെയ്യാവുന്നതാണ്.
ടീ ട്രീ ഓയിൽ :
ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് പേരുകേട്ട ടീ ട്രീ ഓയിൽ താടിയിലെ താരനെ ചെറുക്കാൻ സഹായിക്കും. ടീ ട്രീ ഓയിൽ യീസ്റ്റ് വളർച്ചയെ നിയന്ത്രിക്കാനും പൊളിഞ്ഞിളകുന്ന ചർമ്മത്തെ നേരെയാക്കാനും സഹായിക്കും. ഇനി ഇത് എങ്ങനെ ഉപയോഗിക്കും എന്ന് നോക്കാം, അതിനായി അല്‍പ്പം ശുദ്ധമായ വെളിച്ചെണ്ണ അല്ലെങ്കിൽ ജൊജോബ ഓയിൽ പോലെയുള്ള ഓയിലുകളില്‍ എടുത്ത് അവയില്‍ കുറച്ച് തുള്ളി ടീ ട്രീ ഓയിൽ കലർത്തി താടിയിൽ പുരട്ടുക. തുടര്‍ന്ന് അല്‍പ്പ സമയം കഴിഞ്ഞതിനു ശേഷം കഴുകി കളയുക.
ആപ്പിൾ സിഡെർ വിനെഗർ :
താടിയിലെ താരനുള്ള പ്രകൃതിദത്തമായ പ്രതിവിധിയാണ് ആപ്പിൾ സിഡെർ വിനെഗർ. വിനാഗിരിയുടെ അസിഡിറ്റി നിങ്ങളുടെ ചർമ്മത്തിന്‍റെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കുകയും യീസ്റ്റ് വളരുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് നോക്കാം, അതിനായി ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ലയിപ്പിച്ച് ഷാംപൂ ചെയ്ത ശേഷം താടിയിൽ പുരട്ടി പിന്നീട് കഴുകി കളയുക.
കറ്റാർ വാഴ ജെൽ :
കറ്റാർ വാഴ അതിന്‍റെ വ്യത്യസ്തങ്ങളായ ഗുണങ്ങളാല്‍ പേരുകേട്ടതാണ്. ഈ പ്രകൃതിദത്ത ജെല്ലിന് ചൊറിച്ചിൽ ലഘൂകരിക്കാനും, വീക്കം കുറയ്ക്കാനും, നിങ്ങളുടെ ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും, താരനെ ചെറുക്കുവാനും സാധിക്കുന്നു. നിങ്ങളുടെ താടിയില്‍ താരന്‍ ബാധിച്ച പ്രദേശത്ത് ശുദ്ധമായ കറ്റാർ വാഴ ജെൽ പുരട്ടി ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകി കളയാവുനതാണ്.
സമീകൃതാഹാരവും ശുദ്ധജലവും :
നല്ല ചർമ്മ ആരോഗ്യത്തിനായി ഉള്ളിൽ നിന്ന് ആരംഭിക്കേണ്ടതാണ്. അതിനാൽ, വിറ്റാമിനുകളും ധാതുക്കളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയ സമീകൃതാഹാരമാണ് നിങ്ങൾ കഴിക്കുന്നതെന്ന് ഉറപ്പാക്കുക. ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിൽ ജലാംശം നിർണായക പങ്ക് വഹിക്കുന്നു. നിങ്ങളുടെ ചർമ്മത്തെ ഈർപ്പവും മൃദുവും നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക.